വാഷിങ്ടനിൽ പുതിയ വിസ അപേക്ഷാ കേന്ദ്രങ്ങൾ തുറന്ന് ഇന്ത്യൻ കോൺസുലേറ്റ്

സിയാറ്റിൽ: വാഷിങ്ടനിലെ സിയാറ്റിൽ നഗരത്തിൽ രണ്ട് പുതിയ വീസ, പാസ്‌പോർട്ട് കേന്ദ്രങ്ങൾ ആരംഭിച്ച് ഇന്ത്യൻ കോൺസുലേറ്റ്. സിയാറ്റിലിലെയും ബെല്ലെവ്യൂവിലെയും രണ്ട് കേന്ദ്രങ്ങൾ ജൂലൈ 12 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. ന്യൂയോർക്ക്, അറ്റ്ലാന്റാ, ഷിക്കാഗോ ഹൂസ്റ്റൺ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലാണ് മറ്റ് അഞ്ച് ഇന്ത്യൻ കോൺസുലേറ്റുകൾ.

“സിയാറ്റിലിൽ ഇന്ത്യൻ കോൺസുലേറ്റ് തുറക്കുന്നത് യുഎസ്എയിലെ പസഫിക് വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യൻ സർക്കാരിൻ്റെ ശക്തമായ പ്രതിബദ്ധതയുടെ പ്രതിഫലനമാണ്,” സിയാറ്റിലിലെ ഇന്ത്യൻ കോൺസൽ ജനറൽ പ്രകാശ് ഗുപ്ത ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.

ഇന്ത്യൻ ഗവൺമെൻ്റിനെ പ്രതിനിധീകരിച്ച് വിഎഫ്എസ് ഗ്ലോബൽ ആണ് ഈ കേന്ദ്രം നടത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. വിസ, ഒസിഐ, പാസ്‌പോർട്ട്, ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കൽ, യുഎസിലെ ഇന്ത്യൻ സർക്കാരിനുള്ള ഗ്ലോബൽ എൻട്രി പ്രോഗ്രാം (ജിഇപി) പരിശോധനാ സേവനങ്ങൾ എന്നീ സേവനങ്ങളാണ് വിഎഫ്എസ് ഗ്ലോബൽ നൽകുന്നത്.

“സിയാറ്റിലിലും ബെല്ലെവ്യൂവിലും ഈ പുതിയ വിസ അപേക്ഷാ കേന്ദ്രങ്ങൾ (വിഎസി) തുറക്കുന്നതിലൂടെ, എല്ലാ കോൺസുലാർ അപേക്ഷകർക്കും ഇന്ത്യയിലേക്കുള്ള അവരുടെ യാത്രാ തയ്യാറെടുപ്പുകൾ കൂടുതൽ സൗകര്യപ്രദമായ അനുഭവം ഉറപ്പാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” പ്രകാശ് ഗുപ്ത പറഞ്ഞു.

ആപ്ലിക്കേഷൻ പ്രക്രിയ കൂടുതൽ സൗകര്യപ്രദമാക്കാനും ലക്ഷ്യമിട്ടുള്ള ലോകോത്തര സൗകര്യങ്ങളോടെയാണ് സിയാറ്റിൽ സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. അലാസ്ക, ഐഡഹോ, മൊണ്ടാന, നെബ്രാസ്ക, നോർത്ത് ഡക്കോഡ, ഒറിഗൻ, സൗത്ത് ഡക്കോഡ, വാഷിങ്ടൻ, വയോമിങ്, ഒൻപത് പസഫിക് വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന സിയാറ്റിലിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ കോൺസുലർ അധികാരപരിധിയിലുള്ള അരലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ആദ്യ ഔട്ട്‌സോഴ്‌സ് വിസ സേവന പങ്കാളിയാണ് വിഎഫ്എസ് ഗ്ലോബൽ. കൂടാതെ 2008 മുതൽ ഇന്ത്യാ ഗവൺമെന്റിന് ഇവർ സേവനം നൽകുന്നു. നിലവിൽ, ഓസ്‌ട്രേലിയ, ബെൽജിയം, ഫ്രാൻസ്, ഇറാഖ്, നെതർലാൻഡ്‌സ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, തായ്‌ലൻഡ്, യുകെ എന്നിങ്ങനെ 13 രാജ്യങ്ങളിലായി 52 പാസ്‌പോർട്ട്, വീസ, കോൺസുലാർ സേവന അപേക്ഷാ കേന്ദ്രങ്ങൾ വിഎഫ്എസ് ഗ്ലോബൽ കൈകാര്യം ചെയ്യുന്നുണ്ട്.

More Stories from this section

family-dental
witywide