മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിനു സമീപം നദിയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചതിന് പിന്നാലെ റഷ്യയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് റഷ്യയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവം അതീവ ദുഃഖകരമാണെന്നും ജലാശയങ്ങളിലേക്ക് പോകുമ്പോൾ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നുമാണ് റഷ്യയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇന്ത്യൻ എംബസി നൽകിയിരിക്കുന്ന നിർദേശം. റഷ്യയിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ കാലാകാലങ്ങളിൽ നടക്കുകയാണെന്നും ഈ വർഷം ഇതുവരെ ഇത്തരം അപകടങ്ങളിൽ നാല് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ടെന്നും ഇന്ത്യൻ എംബസി ചൂണ്ടികാട്ടി.
2023, 2022 വർഷങ്ങളിലെ മുൻകാല അനുഭവങ്ങളും വിവരിച്ചുകൊണ്ടാണ് ഇന്ത്യൻ എംബസി വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2023 ൽ ഇത്തരത്തിൽ രണ്ട് ദുഃഖകരമായ സംഭവങ്ങളുണ്ടായെന്നും 2022 ൽ ആറ് ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങിമരിച്ചെന്നും ഇന്ത്യൻ എംബസി ഓർമ്മിപ്പിച്ചു. അതിനാൽ ബീച്ചുകൾ, നദികൾ, തടാകങ്ങൾ, കുളങ്ങൾ, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ പോകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് റഷ്യയിലെ ഇന്ത്യൻ വിദ്യാർഥികളോട് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. ജലാശയങ്ങളിലേക്ക് പോകുമ്പോൾ ആവശ്യമായ എല്ലാ മുൻകരുതലുകളും സുരക്ഷാ നടപടികളും സ്വീകരിക്കണമെന്നും ഇന്ത്യൻ എംബസി വിദ്യാർഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തിൽ 18-20 വയസ്സ് പ്രായമുള്ള രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. നോവ്‌ഗൊറോഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കൂടെയുണ്ടായിരുന്ന പെൺകുട്ടി ഒഴുക്കിപ്പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് നാല് പേർ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർഥിയെ പ്രദേശവാസികൾ രക്ഷപ്പെടുത്തുകയും ചെയ്തു. മരിച്ച വിദ്യാർഥികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചതായി മോസ്‌കോയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കിയിട്ടുണ്ട്. രക്ഷപ്പെട്ട കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
Indian Embassy In Russia Issues Advisory After 4 Students Drown