30 വർഷത്തിനുശേഷം കാനിൽ മത്സരിക്കാൻ ഒരു ഇന്ത്യൻ ചിത്രം, ചരിത്രം രചിച്ച് ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’

കാൻ ഫിലിം ഫെസ്റ്റിവലിൽ 30 വർഷത്തിന് ശേഷം മത്സരിക്കാൻ ഒരു ഇന്ത്യൻ ചിത്രം. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ (എഫ്ടിഐഐ) പൂര്‍വവിദ്യാര്‍ഥിയായ പായല്‍ കപാഡിയയുടെ ആദ്യ ഫീച്ചര്‍ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ (All We Imagine as Light) കാന്‍ ഫിലിം ഫെസ്റ്റിവലില്‍ (77th Cannes Film Festival) മത്സരിക്കും. ഇതോടെ എഫ്ടിഐഐ വീണ്ടും രാജ്യാന്തര ശ്രദ്ധ നേടുകയാണ്. 30 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലിലെ ശ്രദ്ധാകേന്ദ്രമായ മത്സരവിഭാഗത്തില്‍ മത്സരിക്കുന്നത്.

ഫെസ്റ്റിവലിന്റെ അഭിമാനകരമായ മത്സരവിഭാഗത്തില്‍ കപാഡിയയുടെ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ട്വീറ്റിലൂടെ സംഘാടകര്‍ വ്യാഴാഴ്ച അറിയിച്ചു. 2021-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എ നൈറ്റ് ഓഫ് നോയിങ് നതിംഗ് എന്ന ചിത്രത്തിന് മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. മുംബൈയിലെ തിരക്കേറിയ ജീവിതത്തെക്കുറിച്ച് വിവരിക്കുന്ന ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ അതിയായ ആഗ്രഹത്തിന്റെയും വിമോചനത്തിന്റെയും സ്വത്വത്തിന്റെ അന്വേഷണത്തെക്കുറിച്ചുമാണ് പറയുന്നത്.

കേരളത്തില്‍ നിന്നുള്ള രണ്ട് നഴ്‌സുമാരായ പ്രഭ, അനു എന്നിവരുടെ കഥയാണ് ഈ ചിത്രത്തിലൂടെ വിവരിക്കുന്നത്. നഗരത്തിലെ ഒരു നഴ്‌സിംഗ് ഹോമിലെത്തിപ്പെട്ട അവര്‍ അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെ കടന്നുപോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വേര്‍പിരിഞ്ഞ പങ്കാളിയില്‍ നിന്ന് അപ്രതീക്ഷമായ സമ്മാനം ലഭിച്ച പ്രഭയുടെയുടെയും രഹസ്യപ്രണയത്തില്‍ ആശ്വാസം കണ്ടെത്തുന്ന അനുവിന്റെയും ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്.

ഒരു തീരദേശ നഗരത്തിലേക്ക് രക്ഷപ്പെടാനുള്ള അവരുടെ തീരുമാനം സ്വയം കണ്ടെത്തലിനുള്ള ഉത്‌പ്രേരകമായി മാറുന്നു. ദൈനംദിന ജീവിതത്തിന്റെ പരിമിതികള്‍ക്കിടയില്‍ ഒരു പുതിയ സ്വാതന്ത്ര്യത്തിലേക്ക് ചേക്കേറാന്‍ അവരെ പ്രേരിപ്പിക്കുന്നതാണ് ഈ മാറ്റം. അന്താരാഷ്ട്ര തലത്തില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയ പ്രഗദ്ഭരായ ചലച്ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് മത്സരിക്കുന്നത്.

ഇറാനിയന്‍ സംവിധായകന്‍ അലി അബ്ബിസിയുടെ ദ അപ്രന്റൈറ്റിസ്, ഫ്രാന്‍സിസ് ഫോര്‍ കൊപ്പോളയുടെ മെഗാലോപോളിസ്, യോര്‍ഗോസ് താന്തിമോസിന്റെ കൈന്‍ഡ് ഓഫ് കൈന്‍ഡ്‌നെസ് എന്നീ ചിത്രങ്ങള്‍ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.കപാഡിയയുടെ ഫീച്ചര്‍ ചിത്രത്തിന് പുറമെ സന്ധ്യാ സൂരിയുടെ സന്തോഷും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഷഹാനാ ഗോസ്വാമിയും സഞ്ജയ് ബിഷ്‌ണോയിയുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. യുകെ സെര്‍ട്ടെന്‍ റിഗാര്‍ഡ് വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

More Stories from this section

family-dental
witywide