കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേനയുടെ മാർകോസ് കമാൻഡോകൾ; എല്ലാവരും സുരക്ഷിതർ

കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ എംവി ലില നോര്‍ഫോള്‍ക്കിലെ മുഴുവന്‍ യാത്രക്കാരെയും മോചിപ്പിച്ചെന്നും 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും ഇന്ത്യന്‍ നാവികസേന അറിയിച്ചു. എന്നാൽ കപ്പൽ റാഞ്ചിയ കടല്‍ക്കൊള്ളക്കാരെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചില്ല.

ലൈബീരിയന്‍ ചരക്ക് കപ്പലായ എംവി ലില നോര്‍ഫോള്‍ക്ക് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ നാവികസേന ആരംഭിച്ചിരുന്നു. അറബിക്കടലില്‍ നിന്ന് തട്ടിയെടുത്ത കപ്പലിലേക്ക് ഇന്ത്യന്‍ നാവികസേനയുടെ എലൈറ്റ് കമാന്‍ഡോകളായ മാര്‍കോസ് പ്രവേശിച്ചതായും നാവികസേന അറിയിച്ചിരുന്നു.

നാവികസേന യുദ്ധക്കപ്പലായ ഐ എന്‍ എസ് ചെന്നൈ മുഖാന്തരമാണ് റാഞ്ചിയ കപ്പലില്‍ നാവികസേന ഉദ്യോഗസ്ഥര്‍ ഇറങ്ങിയത്. എംവി ലില നോര്‍ഫോള്‍ക്കിനെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും നാവിക സേന അറിയിച്ചു.

സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനായി തല്‍വാര്‍-ക്ലാസ് ഫ്രിഗേറ്റ്‌സും മിസൈല്‍ ബോട്ടുകളും നാല് ഡിസ്‌ട്രോയറുകളായ ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് മൊര്‍മുഗാവോ, ഐഎന്‍എസ് ചെന്നൈ എന്നിവയും അറബി കടലില്‍ വിന്യസിച്ചിട്ടുണ്ടായിരുന്നു.

ലൈബീരിയന്‍ പതാകയുള്ള കപ്പലില്‍ കടൽകൊള്ളക്കാർ നുഴഞ്ഞുകയറിയതിന് പിന്നാലെയാണ് ഇന്ത്യ പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമായിരുന്നു സായുധകാരികളായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് കപ്പല്‍ റാഞ്ചിയത്. ബ്രസീലിലെ പോര്‍ട്ട് അകോയില്‍ നിന്ന് ബഹ്‌റൈനിലെ ഖലീഫ ബിന്‍ സല്‍മാനിലേക്ക് പോകുന്നതിനിടെയാണ് സൊമാലിയയില്‍ നിന്നും 300 നോട്ടിക്കല്‍ മൈല്‍ കിഴക്ക് നിന്ന് കപ്പല്‍ റാഞ്ചിയത്. വിവരം അറിഞ്ഞയുടനെ ഐഎന്‍എസ് ചെന്നൈയെ വഴിതിരിച്ചുവിടുകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷിക്കാന്‍ സജ്ജമാക്കുകയും ചെയ്തിരുന്നു.

Indian navy rescues hijacked ship

More Stories from this section

family-dental
witywide