മൂന്നാം ലോക മഹായുദ്ധത്തിന് ഇനി ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ എന്ന് കാട്ടി പ്രവചനം നടത്തിയ ഇന്ത്യന്‍ ജ്യോതിഷന്‍ ശ്രദ്ധ നേടുന്നു. ‘ന്യൂ നോസ്ട്രഡാമസ്’ എന്നും ഇന്ത്യന്‍ നോസ്ട്രഡാമസ് എന്നും വിളിക്കപ്പെടുന്ന ഇന്ത്യന്‍ വേദ ജ്യോതിഷനായ കുശാല്‍ കുമാറാണ് പ്രവചനത്തിന് ഉടമ.
ദി ഡെയ്ലി സ്റ്റാര്‍ പറയുന്നതനുസരിച്ച്, ലോക സംഭവങ്ങള്‍ മുന്‍കൂട്ടി കാണുമെന്ന് അവകാശപ്പെടുന്ന കുശാല്‍ കുമാര്‍ അടുത്തിടെ ഇസ്രായേലും ഹമാസും റഷ്യയും നാറ്റോയും ഉത്തര-ദക്ഷിണ കൊറിയയും ചൈനയും തായ്വാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിക്കുമെന്ന് പ്രവചിച്ചിരുന്നു. ജൂണ്‍ 18 ചൊവ്വാഴ്ച, മൂന്നാം ലോക മഹായുദ്ധത്തിന് തുടക്കമിടാനുള്ള ഏറ്റവും ശക്തമായ ഗ്രഹ ഉത്തേജനം ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഹിന്ദു സംസ്‌കാരത്തെ അടിസ്ഥാനമാക്കിയുള്ള വേദ ജ്യോതിഷ ചാര്‍ട്ട് ഉപയോഗിച്ചാണ് താന്‍ പ്രവചനങ്ങള്‍ നടത്തുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി. തന്റെ അവകാശവാദത്തെ ന്യായീകരിക്കാന്‍ കുശാല്‍ സമകാലിക സംഭവങ്ങളെക്കുറിച്ചും വ്യക്തമാക്കി. ഇസ്രായേലും ലെബനനും തമ്മിലുള്ള സംഘര്‍ഷവും ഉത്തരകൊറിയന്‍ പട്ടാളക്കാര്‍ അതിര്‍ത്തിരേഖ കടന്ന് ദക്ഷിണ കൊറിയയിലേക്ക് കടക്കുന്നതും എല്ലാം തന്റെ പ്രവചനം കൃത്യമാണെന്ന് തെളിയിച്ചെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. റഷ്യ ഒരു ആണവ അന്തര്‍വാഹിനി ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകള്‍ ക്യൂബയിലേക്ക് അയയ്ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാറ്റിനും ഉപരിയായി, ചൈന തായ്വാന്‍ തീരത്ത് യുദ്ധ അഭ്യാസങ്ങള്‍ നടത്തുന്നു, ഇത് യുഎസ് ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരാണ് യഥാര്‍ത്ഥ നോസ്ട്രഡാമസ്
പ്രവചനങ്ങള്‍ക്കൊണ്ട് ലോകത്തെ ഞെട്ടിച്ച ഫ്രഞ്ച് ജ്യോതിഷിയായിരുന്നു നോസ്ട്രഡാമസ്. 450-500 വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍. ഇപ്പോഴും അതില്‍ പലതും ഓരോ കാലഘട്ടങ്ങളിലായി ശരിയായി വരുന്നുണ്ടെന്നതും ശ്രദ്ധേയം. ഒന്നാം ലോക മഹുയുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഇതേ കാലയളവിലാണ് കൃത്യമായി തന്നെ നോസ്ട്രഡാമസ് പ്രവചിച്ചത്. അദ്ദേഹം ‘ലെസ് പ്രോഫെറ്റീസ്’ എന്ന പ്രവചന പുസ്തകം പ്രസിദ്ധീകരിച്ചു. 2024 ഉള്‍പ്പെടെയുള്ള ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ അദ്ദേഹം നടത്തിയതായി വിശ്വസിക്കപ്പെടുന്നു. ഒരു നാവിക യുദ്ധം, രാജകീയ പ്രക്ഷുബ്ധത, ഒരു പുതിയ പോപ്പ്, കടുത്ത കാലാവസ്ഥാ പ്രശ്‌നങ്ങള്‍, ആഗോള കലഹം എന്നിവയ്ക്ക് 2024 സാക്ഷ്യം വഹിക്കുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ചതായി പറയപ്പെടുന്നു.