പലസ്തീൻ അനുകൂല പ്രതിഷേധം: പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യൻ വംശജയായ വിദ്യാർഥിനി അറസ്റ്റിൽ

ക്യാംപസിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെ പേരിൽ യുഎസിലെ പ്രശസ്തമായ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇന്ത്യൻ വംശജ വിദ്യാർഥിനിയെ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിനി അചിന്ത്യ ശിവലിംഗമാണ് അറസ്റ്റിലായ വിദ്യാർഥിനി. പ്രിൻസ്റ്റണിലെ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റിൽ പബ്ലിക് അഫയേഴ്‌സിൽ മാസ്റ്റേഴ്‌സ് വിദ്യാർത്ഥിനിയാണ് അചിന്ത്യ. അചിന്ത്യയ്ക്ക് ഒപ്പം ഗവേഷക വിദ്യാർഥിയായ ഹസ്സൻ സെയ്ദും അറസ്റ്റിലായിട്ടുണ്ട്.

വ്യാഴാഴ്ച പുലർച്ചെ , യൂണിവേഴ്സിറ്റി അങ്കണത്തിൽ ക്യാമ്പ് ചെയ്യുന്നതിനായി സമരപന്തൽ സ്ഥാപിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഇവർക്ക് ക്യാംപസ് വിലക്കും ഏർപ്പെടുത്തി. ഇവരെ അറസ്റ്റ് ചെയ്തതോടെ സമരപന്തൽ കെട്ടാൻ വന്ന മറ്റു വിദ്യാർഥികൾ അതിൽ നിന്ന് പിൻവാങ്ങി. ക്യാമ്പസിൽ ടെൻ്റുകൾ സ്ഥാപിച്ചത് സർവകലാശാല നയത്തിൻ്റെ ലംഘനമാണെന്ന് സർവകലാശാല വക്താവ് ജെന്നിഫർ മോറിൽ പറഞ്ഞു. പ്രതിഷേധം അവസാനിപ്പിച്ച് പ്രദേശം വിട്ടുപോകാൻ പലതവണ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു.

ഇവരെ വിലക്കിയിട്ടുണ്ടെങ്കിലും പുറത്താക്കിയിട്ടില്ലെന്നും കാമ്പസിലെ താമസസ്ഥലത്ത് തുടരുന്നതിന് അനുവദിക്കുമെന്നും സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. ക്യാംപസ് പ്രതിഷേധം സംബന്ധിച്ച് ബുധനാഴ്ച തന്നെ വിദ്യാർഥികൾക്കെല്ലാം മെയിൽ അയച്ചിരുന്നെന്നും സർവകലാശാവ വ്യക്തമാക്കി. അതിൽ സമരകൂടാരങ്ങൾ നിർമിക്കുന്നത് കടന്നുകയറ്റമായി പരിഗണിക്കപ്പെടും എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രിൻസ്റ്റൺ വിദ്യാർത്ഥികളും ഫാക്കൽറ്റികളും കമ്മ്യൂണിറ്റി അംഗങ്ങളും കൂടാതെ പുറത്തുനിന്നുള്ളവരും ചേർന്ന് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

അചിന്ത്യ ജനിച്ചത് തമിഴ്നാട്ടിലെ കോയമ്പത്തൂരാണ്. ഒഹയോയിലെ കൊളംബസിലാണ് വളർന്നത്. പ്രിൻസ്റ്റൺ സർവകലാശാലയിൽ എത്തും മുമ്പ് ഒഹയോ സ്റ്റേറ്റ് സർവകലാശാലയിലേയും ഹവഡർഡ് ലോ സ്കൂളിലേയും വിദ്യാർഥിനിയായിരുന്നു.

Indian-Origin Student Arrested For pro Palestine protest in Prinston University