അമ്പമ്പോ! ഇത് അമേരിക്കയിൽ ഇന്ത്യക്കാരൻ സ്വന്തമാക്കിയ വീട്, കണ്ണുതള്ളി സോഷ്യൽ മീഡിയ, ‘സ്വപ്ന ഭവന’മെന്ന് വിശേഷണം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രധാനമായും ചർച്ചയാകുന്ന ഒരു വീഡിയോ അമരിക്കയിൽ ഇന്ത്യാക്കാരൻ സ്വന്തമാക്കിയ വീടിന്‍റേതാണ്. പ്രിയം സരസ്വത് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് സിലിക്കൺ വാലിയുടെ ഹൃദയഭാഗത്തുള്ള ഒരു ആഡംബര വസതിയുടെ വീഡിയോ പങ്കിട്ടത്. വീഡിയോ അതിവേഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും സ്വപ്നഭവനം എന്ന് നെറ്റിസൺസ് ഒരേ സ്വരത്തിൽ വിശേഷിപ്പിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ആഡംബര ഭവനത്തിന്റെ സവിശേഷതകൾ ആരെയും അമ്പരപ്പിക്കുന്നതാണ്. ആഡംബര ഫർണിച്ചറുകൾ, അത്യാധുനിക അടുക്കള, ഡിസൈനർ ഫർണിച്ചറുകൾ, ഓട്ടോമേറ്റഡ് ലൈറ്റിംഗ് സംവിധാനങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിങ്ങനെ വീടിനുള്ളിൽ സജ്ജീകരിച്ചിട്ടുള്ള ഓരോ വസ്തുവിലും ആഡംബരം നിറഞ്ഞു തുളുമ്പുകയാണ്. വീടിനുള്ളിൽ തന്നെ തിയേറ്ററും വിവിധ വിനോദങ്ങൾക്കായുള്ള സൗകര്യങ്ങളുമുണ്ട്. മെഡിറ്ററേനിയൻ ശൈലിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

https://www.instagram.com/reel/C_4RwFFP870/?utm_source=ig_embed&ig_rid=79952c88-fbac-4778-840c-f70a61b153f3

20 വർഷങ്ങൾക്കു മുൻപ് താൻ കാലിഫോർണിയയിൽ എത്തിയതാണെന്നും വിവിധ സ്റ്റാർട്ടപ്പുകൾക്ക് ശേഷം താൻ സ്വന്തമായി ഒരു കമ്പനി നടത്തിവരികയാണെന്നുമാണ് വീടിൻറെ ഉടമയായ ഇന്ത്യക്കാരൻ പറയുന്നത്.ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി 4 ലക്ഷത്തിലധികം ആളുകൾ വീഡിയോ കാണുകയും 21,000 -ത്തിലധികം ആളുകൾ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു.

വീടിൻ്റെ വലുപ്പത്തിലും ആഡംബരത്തിലും കാഴ്ചക്കാർ ആശ്ചര്യം പ്രകടിപ്പിച്ചു. ഇത്തരത്തിൽ ഒരു സ്വപ്നഭവനം സ്വന്തമാക്കാൻ വളരെയധികം ദൃഢനിശ്ചയവും കഠിനാധ്വാനവും വേണ്ടിവന്നിരിക്കണമെന്നും ദമ്പതികളെ അഭിനന്ദിച്ചേ മതിയാകുവെന്നും വീഡിയോയ്ക്ക് താഴെ ആളുകൾ കുറിച്ചു.