
ന്യൂഡല്‍ഹി: കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേയുടെ ഒരു സംരംഭമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC) ആണ് രാജ്യത്തുടനീളമുള്ള 100 ലധികം സ്റ്റേഷനുകളില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണ കൗണ്ടറുകള്‍ സ്ഥാപിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ അടക്കം രാജ്യത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലായി 150 ഓളം ഭക്ഷണ, ലഘുഭക്ഷണ കൗണ്ടറുകള്‍ തുറക്കുന്നത്. ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 20 രൂപ വിലയുള്ള എക്കണോമി മീല്‍സും 50 രൂപക്ക് ലഘുഭക്ഷണവും നല്‍കും.
വെസ്റ്റേണ്‍ റെയില്‍വേയുടെ ഔദ്യോഗിക പത്രക്കുറിപ്പ് പ്രകാരം, ജനറല്‍ കോച്ചുകള്‍ നിര്‍ത്തുന്നതിന് നേരെ, പ്ലാറ്റ്ഫോമിന്റെ മുന്നിലും പിന്നിലുമായാണ് കൗണ്ടറുകളുള്ളത്. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് റിസര്‍വ് ചെയ്യാത്ത കോച്ചുകളിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ഇന്ത്യന്‍ റെയില്‍വേ ഈ നടപടി സ്വീകരിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. ഭക്ഷണത്തിനായുള്ള ഏറ്റവും കുറഞ്ഞ വില 20 രൂപമുതലായിരിക്കും. സാധാരണക്കാരന് പോക്കറ്റ് കാലിയാക്കാതെ വിശപ്പടക്കാനാകുമെന്ന് സാരം. യാത്രക്കാര്‍ക്ക് തൃപ്തികരവും താങ്ങാനാവുന്നവിലയും ശുചിത്വവും ഉറപ്പാക്കുന്ന ഭക്ഷണമായിരിക്കും വിതരണം ചെയ്യുക എന്നും വെസ്റ്റേണ്‍ റെയില്‍വേയുടെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (പിആര്‍ഒ) സുമിത് താക്കൂര്‍ പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു.
ഹൈദരാബാദ്, വിജയവാഡ, റെനിഗുണ്ട, ഗുന്തക്കല്‍, തിരുപ്പതി, രാജമുണ്ട്രി, വികാരാബാദ്, പകല, ധോനെ, നന്ദ്യാല്‍, പൂര്‍ണ, ഔറംഗബാദ് റെയില്‍വേ സ്റ്റേഷനുകള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാകും. പ്ലാറ്റ്ഫോമുകളിലെ ജനറല്‍ സെക്കന്‍ഡ് ക്ലാസ് (ജിഎസ്) കോച്ചുകള്‍ക്ക് സമീപമുള്ള കൗണ്ടറുകളില്‍ മൂന്നുരൂപയ്ക്ക് 200 എം.എല്‍ കുടിവെള്ളവും ലഭ്യമാക്കിയിട്ടുണ്ട്.