കാനഡയിലെ ഒൻ്റാറിയോയിൽ 22 കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ കാനഡ പൌരൻ കുത്തിക്കൊന്നു. ലാംടൺ കോളേജിലെ ഒന്നാം വർഷ ബിസിനസ് മാനേജ്‌മെൻ്റ് വിദ്യാർത്ഥിയായ ഗുറാസിസ് സിങ്ങിനെയാണ് 36 കാരനായ ക്രോസ്‌ലി ഹണ്ടർ ഞായറാഴ്ച കുത്തിയത്. ഇരുവരും ഒരേ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഡിസംബർ 1 ന് സാർനിയയിലെ ക്യൂൻ സ്ട്രീറ്റിലായിരുന്നു സംഭവം. വീട്ടിലെ അടുക്കളയിലിരുന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാക്കിയെന്നും ക്രോസ്‌ലി ഹണ്ടർ കത്തിയെടുത്ത് സിംഗിനെ ഒന്നിലധികം തവണ കുത്തി കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. അക്രമത്തെ കുറിച്ച് വിവരം ലഭിച്ച ഉടൻ പൊലീസ് സ്ഥലത്ത് എത്തി. അപ്പോഴേക്കും സിങ് മരിച്ചിരുന്നു. പ്രതിയെ സംഭവസ്ഥലത്തുനിന്ന് തന്നെ കസ്റ്റഡിയിൽ എടുത്തു.
പ്രതിയെ ശനിയാഴ്ച ജുഡീഷ്യൽ ഓഫീസർക്ക് മുന്നിൽ ഹാജരാക്കും. “സർനിയ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിവിഷൻ ഈ ക്രിമിനൽ പ്രവൃത്തിയെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങൾ നിർണ്ണയിക്കാൻ ലഭ്യമായ എല്ലാ തെളിവുകളും ശേഖരിക്കുന്നത് തുടരുകയാണ്, ഈ യുവാവിൻ്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഗുറാസിസ് സിങ്ങിൻ്റെ കുടുംബത്തിനും സുഹൃത്തുകൾക്കും എല്ലാ പിന്തുണയും സഹായവും നൽകുമെന്ന് പൊലീസ് അറിയിച്ചു. സിംഗിൻ്റെ മരണത്തിൽ ലാംടൺ കോളേജ് അനുശോചനം രേഖപ്പെടുത്തി.