പ്രണയത്തില്‍ കൊരുത്ത സാമ്പത്തിക തട്ടിപ്പ്: 4 കോടി പോയ ദുഖത്തില്‍ യുഎസിലെ ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ പ്രൊഫഷണല്‍, എന്താണ് ‘പന്നി കശാപ്പ്’ തട്ടിപ്പ്?

വാഷിംഗ്ടണ്‍: മുന്നിലെത്തുന്ന ആരെയും എന്തിനെയും സംശയത്തിന്റെ കണ്ണിലൂടെ കാണുന്ന ആളുകളേയും, എല്ലാം കണ്ണടച്ച് വിശ്വസിക്കുന്ന ആളുകളേയും നാം ജീവിതത്തില്‍ കണ്ടിട്ടുണ്ട്. പറ്റിക്കപ്പെടുമെന്ന തോന്നല്‍ പലരേയും പലരില്‍ നിന്നും പിന്നോട്ട് വലിക്കുമ്പോള്‍, ചിലരാകട്ടെ മറ്റുള്ളവരെ അമിതമായി വിശ്വസിക്കുകയും സാമ്പത്തിക തട്ടിപ്പിലേക്ക് സ്വയം ഇരകളായി ഇറങ്ങിച്ചെല്ലുകയും ചെയ്യും. എല്ലാം കൈവിട്ട് പോയതിനപ്പുറമായിരിക്കും തിരച്ചറിവിന്റെ ലോകത്തേക്ക് മടങ്ങിയെത്തുക. അത്തരത്തിലൊരു കെണിയില്‍ പെട്ടുപോയി ആകെയുണ്ടായിരുന്ന ജീവിത സമ്പാദ്യമായ 4 കോടിയും കൈവിട്ട് പോയ ദുഖത്തിലാണ് യുഎസിലെ ഫിലാഡല്‍ഫിയ ആസ്ഥാനമായുള്ള ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ ഉദ്യോഗസ്ഥയായ ശ്രേയ ദത്ത.

ഡേറ്റിംഗ് ആപ്പായ ഹിംഗില്‍ വെച്ചാണ് ശ്രേയ ദത്ത ഫിലാഡല്‍ഫിയയിലെ ഫ്രഞ്ച് വൈന്‍ വ്യാപാരിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ ‘അന്‍സലിനെ’ പരിചയപ്പെടുന്നത്. പരിചയം മെല്ലെ അടുപ്പമായി വളരുകയും അത് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. വിവാഹ മോചിതയായ ശ്രേയയാകട്ടെ, ജീവിതത്തില്‍ ഒരു കൂട്ട് കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു.

ഡേറ്റിംഗ് ആപ്പില്‍ നിന്നും പെട്ടെന്ന് വാട്ട്സ്ആപ്പിലേക്ക് നീങ്ങിയ അവരുടെ ബന്ധത്തിന്റെ ആഴം കൂടിക്കൂടി വന്നു. അന്‍സലാകട്ടെ വിശ്വാസ്യതയുടെ ഒരു പടികൂടി കടന്ന് ഹിംഗിലെ പ്രൊഫൈല്‍ ഇല്ലാതാക്കി ശ്രേയയുമായി വാട്ട്‌സ്ആപ്പിലായി സംസാരമെല്ലാം. അവള്‍ ഭക്ഷണം കഴിച്ചോ എന്നതുപോലുള്ള ചെറിയ കാര്യങ്ങളെക്കുറിച്ച് പോലും അന്‍സല്‍ അന്വേഷിച്ചുകൊണ്ട് അവര്‍ ദിവസവും മെസേജ് അയച്ചു. ഇത് ശ്രേയയെ യാതൊരു സംശയവും കൂടാതെ അയാളിലേക്ക് അടുപ്പിച്ചു. അവര്‍ സെല്‍ഫികളും ഇമോട്ടിക്കോണുകളും കൈമാറ്റം ചെയ്യുകയും ഹ്രസ്വമായ വീഡിയോ കോളുകള്‍ ചെയ്യുകയും ചെയ്തു. വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ ഇതില്‍പ്പരം മറ്റെന്തുവേണം. അതൊക്കെയും എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച ഡീപ്പ് ഫേക് ആണെന്ന് ശ്രേയയ്‌ക്കെന്നല്ല ആര്‍ക്കും സംശയം തോന്നില്ല.

അന്‍സലിന്റെ’ പ്രേരണയ്ക്ക് വഴങ്ങി ശ്രേയ നിയമാനുസൃതമെന്ന് തോന്നുന്ന ഒരു ക്രിപ്റ്റോ ട്രേഡിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും അവളുടെ സമ്പാദ്യം നിക്ഷേപിക്കുകയും ചെയ്തു. ആദ്യമൊക്കെ വിജയവും പ്രകടമായ നേട്ടങ്ങളും ഉണ്ടായിരുന്നു. ലഭിച്ച പണം പിന്‍വലിക്കാനും കഴിഞ്ഞു. എന്നാല്‍ പിന്നീടാകട്ടെ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ടാക്‌സ് ആവശ്യപ്പെട്ടപ്പോഴാണ് ശ്രേയയ്ക്ക് ചെറിയ സംശയം തോന്നിയത്. വീണ്ടും വീണ്ടും പരിശ്രമിച്ചപ്പോഴാണ് ചതിയില്‍പ്പെട്ടത് മനസിലാക്കിയത്.

തുടര്‍ന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള സഹോദരനോട് കാര്യം പറഞ്ഞപ്പോഴാണ് വഞ്ചനയുടെ വ്യാപ്തി ശ്രേയയ്ക്ക് മനസ്സിലായത്.

തെറ്റായ വിവരങ്ങളും AI- ജനറേറ്റഡ് പ്രൊഫൈലുകളും നിറഞ്ഞ ഡേറ്റിംഗ് പ്ലാറ്റ്ഫോമുകള്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് വളക്കൂറുള്ള മണ്ണാണ്. ക്രിപ്റ്റോകറന്‍സി തട്ടിപ്പിലൂടെ 40,000-ത്തിലധികം ഇരകള്‍ക്ക് 3.5 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടതായി എഫ്ബിഐ റിപ്പോര്‍ട്ട് ചെയ്തു. തട്ടിപ്പുകള്‍ക്ക് ഇരകളായവര്‍ നാണക്കേട് ഭയന്ന് ഇത്തരം സംഭവങ്ങള്‍ പുറത്തു പറയാത്തതിനാല്‍ കണക്കില്‍ ഇനിയും വ്യത്യാസം വന്നേക്കാം.

ഈ കുറ്റകൃത്യത്തിലെ ഭയാനകമായത് എന്തെന്നാല്‍, ഇരയുടെ അവസാനത്തെ ഓരോ ചില്ലിക്കാശും എടുക്കുക എന്നതാണ്. എല്ലാ ദിവസവും പുതിയ ഇരകള്‍ ഉണ്ടാകുന്നു എന്നതും ഇത്തരം തട്ടിപ്പുകളുടെ പ്രത്യേകതയാണ്.

എന്താണ് പന്നി കശാപ്പ് തട്ടിപ്പ് അഥവാ, പിഗ് ബുച്ചറിംഗ്

ക്രിപ്റ്റോകറന്‍സി വഴി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന ഒരു രീതിയാണ് ‘പന്നി കശാപ്പ് ‘കുംഭകോണം, അഥവാ പിഗ് ബുച്ചറിംഗ്. പറ്റിയ ഇരയെ കണ്ടെത്തുകയും കശാപ്പിന് മുമ്പ് പന്നികളെ തടിപ്പിച്ചതിന് സമാനമായി വ്യാജ വാത്സല്യത്തിലൂടെ ഇരകളുടെ വിശ്വാസം നേടിയെടുക്കുകയും പലപ്പോഴും വ്യാജ നിക്ഷേപങ്ങളില്‍ നിക്ഷേപിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് തട്ടിപ്പ് പ്രവര്‍ത്തിക്കുന്നത്. ഇത് അടിസ്ഥാനപരമായി ബന്ധങ്ങളും നിക്ഷേപ തട്ടിപ്പുകളും ഉള്‍പ്പെടെ കൂട്ടിക്കലര്‍ത്തിയുള്ള ഒരു സൈബര്‍ കുറ്റകൃത്യമാണ്. ഒരു വ്യാജ കമ്പനിയില്‍ നിക്ഷേപിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതിനും ഇരയെ കശാപ്പ് ചെയ്യുന്നതിനും മുമ്പ് കുറ്റവാളി ഇരയുമായി മാസങ്ങളോളം ബന്ധം സ്ഥാപിക്കുന്നതും പ്രണയം നടിച്ച് ഇരയെ വശത്താക്കുന്നതും എല്ലാം ഇതില്‍പ്പെടും. കശാപ്പിനു മുമ്പ് പന്നിയെ പരിപാലിച്ച് നിര്‍ത്തുന്നതുമായി ഇതിനെ താരതമ്യം ചെയ്യുന്നതുകൊണ്ടാണ് പന്നി കശാപ്പ് അഴിമതി അഥവാ, പിഗ് ബുച്ചറിംഗ് എന്ന് ഇത്തരം തട്ടിപ്പുകള്‍ അറിയപ്പെടുന്നത്. ശ്രേയ ദത്തയെപ്പോലെ നിരവധി ആളുകള്‍ ഇപ്പോഴും ഇതിന് ഇരകളായിക്കൊണ്ടിരിക്കുന്നു.

More Stories from this section

family-dental
witywide