അമേരിക്കൻ വിപണി ‘എഫക്ട്’, ഇന്ത്യൻ ഓഹരി വിപണിയിലും കനത്ത നഷ്ടം; അമേരിക്കയിലെ മാന്ദ്യ സൂചനകൾ നാളെ അറിയാം

അമേരിക്കയില്‍ വ്യവസായ ഉത്പാദന നിരക്ക് കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ ആശങ്കയില്‍ ഇന്ത്യൻ ഓഹരി വിപണിയിലും കനത്ത നഷ്ടം. സെന്‍സെക്സ് ഒരു ഘട്ടത്തിൽ 700 പോയിന്‍റോളം താഴോട്ട് പോയി. ഫാര്‍മസ്യൂട്ടിക്കല്‍, ഹെല്‍ത്ത് കെയര്‍ മേഖല ഒഴികെ മറ്റു വിഭാഗം ഓഹരികളിലെല്ലാം തന്നെ നഷ്ടമുണ്ടായിട്ടുണ്ട്. അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യ സൂചനകള്‍ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ലോക വിപണി. ഇതാണ് പ്രധാനമായും ഇന്ത്യൻ വിപണിയെയും സ്വാധീനിച്ചത്.

ബെഞ്ച്മാർക്ക് സൂചികയായ ബി എസ് ഇ സെൻസെക്‌സ് 722 പോയിൻ്റ് ഇടിഞ്ഞ് 81,833.7 ലെവലിലെത്തി. നിഫ്റ്റി 50200-ഓഡ് പോയിൻ്റ് അല്ലെങ്കിൽ 0.77 ശതമാനം ഇടിഞ്ഞ് 25,083.8 ൽ എത്തി. എന്നാൽ പിന്നീട് ഇന്ത്യൻ വിപണി മെച്ചപ്പെട്ടു. പക്ഷേ സാമ്പത്തിക മാന്ദ്യ ആശങ്കയിൽ തന്നെയാണ് വിപണി.

നാളെ പുറത്തുവരുന്ന അമേരിക്കന്‍തൊഴില്‍ റിപ്പോര്‍ട്ടിലാണ് വിപണിയുടെ ശ്രദ്ധ. തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായാല്‍ ഓഹരി വിപണിയില്‍ വീണ്ടും തിരിച്ചടിക്ക് സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ അതൊരു മാന്ദ്യ സൂചനയായി വിലയിരുത്തലുകൾ ഉയർന്നേക്കാം.