ജോര്‍ജിയ: അമേരിക്കയില്‍ ജന്മദിനം ആഘോഷിക്കുന്നതിനിടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആര്യന്‍ റെഡ്ഡി എന്ന 23 കാരനാണ് ദാരുണ സംഭവത്തിന്റെ ഇര.
നവംബര്‍ 13ന് ജോര്‍ജിയയിലെ അറ്റ്ലാന്റയിലെ വീട്ടില്‍ തന്റെ ജന്മദിനം സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുന്നതിനിടെയാണ് സംഭവം. ആഘോഷം നടക്കുന്നതിനിടെ, പുതുതായി വാങ്ങിയ തോക്ക് വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. നെഞ്ചിലാണ് വെടിയേറ്റത്. വെടിയൊച്ചയുടെ ശബ്ദം കേട്ട്, മറ്റൊരു മുറിയില്‍ ഇരുന്ന സുഹൃത്തുക്കള്‍ റെഡ്ഡിയുടെ മുറിയിലേക്ക് ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സുഹൃത്തിനെയാണ് കണ്ടെത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
അറ്റ്‌ലാന്റയിലെ കന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു റെഡ്ഡി. തെലങ്കാനയിലെ ഉപ്പല്‍ ജില്ലയിലാണ് റെഡ്ഡിയുടെ കുടുംബം താമസിക്കുന്നത്. മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.