യുഎസ് സ്കോളർഷിപ്പ് നേടാൻ അച്ഛൻ മരിച്ചെന്ന് കള്ളം പറഞ്ഞു; ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ

മുഴുവൻ സ്‌കോളർഷിപ്പും ലഭിക്കുന്നതിന് രേഖകളിൽ കൃത്രിമം കാണിച്ചുവെന്ന് പുറത്തുവന്നതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസിൽ അറസ്റ്റ് ചെയ്ത് നാടുകടത്തി. പെൻസിൽവാനിയയിലെ ലെഹി സർവകലാശാലയിലെ വിദ്യാർത്ഥിയായ ആര്യൻ ആനന്ദിനെയാണ് പുറത്താക്കിയത്. റെഡ്ഡിറ്റ് പോസ്റ്റിലാണ് താൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ കള്ളമായിരുന്നുവെന്ന് ആര്യൻ വെളിപ്പെടുത്തിയത്. എന്നാൽ പ്ലാറ്റ്ഫോം മോഡറേറ്റർ ഈ പോസ്റ്റ് ഫ്ലാഗ് ചെയ്യുകയായിരുന്നു.

ഫുൾ സ്കോളർഷിപ്പോടെ യുഎസ് കോളേജിൽ പ്രവേശനം നേടിയെടുക്കാൻ താൻ എങ്ങനെയാണ് വളഞ്ഞ മാർഗങ്ങൾ ഉപയോഗിച്ചത് എന്നതിനെപ്പറ്റിയായിരുന്നു റെഡ്ഡിറ്റിൽ ആര്യൻ ആനന്ദിന്റെ കുറ്റസമ്മതം.

അതിൽ വ്യാജരേഖകൾ സൃഷ്ടിച്ചതിനെക്കുറിച്ചും, ഉപന്യാസങ്ങൾ എഴുതിയതിനെക്കുറിച്ചും, ജീവിച്ചിരിക്കുന്ന പിതാവിൻ്റെ മരണ സർട്ടിഫിക്കറ്റ് സൃഷ്ടിച്ചതിനെക്കുറിച്ചും പോസ്റ്റിൽ പറയുന്നു.

വ്യാജരേഖ ചമച്ചതിനും അർഹിക്കാത്ത സേവനങ്ങൾ നേടിയതിനും രണ്ട് മാസം മുമ്പ് ആനന്ദിനെ അറസ്റ്റ് ചെയ്യുകയും 20 വർഷം വരെ തടവിന് വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ, സർവകലാശാലാ അധികൃതരുടെ അഭ്യർഥന മാനിച്ച് അദ്ദേഹത്തെ ജയിലിൽ നിന്ന് മോചിപ്പിച്ച് പകരം ഇന്ത്യയിലേക്ക് നാടുകടത്തുകയാണ് ചെയ്തത്.

കുറ്റകൃത്യം തെളിയിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു പ്രക്രിയയായിരുന്നു എന്നും എന്നാൽ സർവകലാശാല അധികൃതർ എല്ലാം കൃത്യമായി ചെയ്തുവെന്നും പൊലീസിന്റെ സഹായം അഭിനന്ദനാർഹമാണെന്നും നോർത്താംപ്ടൺ കൗണ്ടി അസിസ്റ്റൻ്റ് ഡിഎ മൈക്കൽ വെയ്‌നർട്ട് വിശദീകരിച്ചു.

More Stories from this section

family-dental
witywide