
അമേരിക്കയിൽ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. ലിൻഡർ സ്കൂൾ ഓഫ് ബിസിനസിലെ വിദ്യാർത്ഥിയായിരുന്ന ശ്രേയസ് റെഡ്ഡിയെ ഒഹായോയിലെ സിൻസിനാറ്റിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാമത്തെ ഇന്ത്യൻ വിദ്യാർഥിയാണ് അമേരിക്കയിൽ മരണപ്പെടുന്നത്. ഈ വർഷത്തെ നാലാമത്തെ മരണവുമാണ്.
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും അദ്ദേഹത്തിൻ്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും അറിയിച്ചു.
“ഓഹിയോയിലെ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി ശ്രേയസ് റെഡ്ഡി ബെനിഗേരിയുടെ ദൗർഭാഗ്യകരമായ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. പോലീസ് അന്വേഷണം നടക്കുന്നു. ഈ ഘട്ടത്തിൽ, കുറ്റകൃത്യം സംശയിക്കുന്നില്ല. കോൺസുലേറ്റ് കുടുംബവുമായി ബന്ധം തുടരുകയാണ്.. അവർക്ക് സാധ്യമായ എല്ലാ സഹായവും നൽകും,” ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ഒരു പോസ്റ്റിൽ പറഞ്ഞു.
വിവേക് സൈനി, നീൽ ആചാര്യ എന്നീ രണ്ട് ഇന്ത്യൻ വിദ്യാർഥികളും കഴിഞ്ഞ ആഴ്ച മരണപ്പെട്ടിരുന്നു.
ജനുവരി 30 ന്, പർഡ്യൂ സർവകലാശാല ക്യാംപസിൽ തന്നെയാണ് നീൽ ആചാര്യ യെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിടെ കംപ്യൂട്ടർ സയൻസ് ഡേറ്റാ സയൻസ് വിദ്യാർഥിയായിരുന്നു.
ജനുവരി 29 ന്, യുഎസിലെ ജോർജിയയിലെ ലിത്തോണിയയിൽ ഒരു കടയ്ക്കുള്ളിൽ അക്രമത്തിലാണ് വിവേക് കൊല്ലപ്പെട്ടത്. വിവേക് ജോലിചെയ്യുന്ന കടയായിരുന്നു അത്. ഭവനരഹിതനായ ഒരാൾ ക്ക് തണുപ്പിൽ അവിടെ അഭയം നൽകിയതായിരുന്നു. അയാളാണ് ചുറ്റികകൊണ്ട് ഇടിച്ച് വിവേകിനെ കൊലപ്പെടുത്തിയത്. വിവേകിൻ്റെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചു.
ജനുവരി ആദ്യവാരം ഇല്ലിനോയിൽ 18 വയസ്സുള്ള അകുൽ ധവാൻ ഇന്ന ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ ക്യാംപസിൽ കണ്ടെത്തിയിരുന്നു. അതിശൈത്യം മൂലമുള്ള (ഹൈപോതെർമിയ) മരണാണ് എന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു.
Indian Student Sreyas Reddy died In US
.