ഹൈദരാബാദ്: കാനഡയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാനുമതി, വിസ, മാര്‍ക്ക്, ഹാജര്‍ മറ്റ് വിദ്യാഭ്യാസ രേഖകള്‍ തുടങ്ങിയ നിര്‍ണായക രേഖകള്‍ വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ഇമെയിലുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. വിദേശ വിദ്യാര്‍ത്ഥികളുമായി ഇടപെടുന്ന സര്‍ക്കാര്‍ വകുപ്പായ ഇമിഗ്രേഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) യില്‍ നിന്നാണ് മെയില്‍ ലഭിച്ചിരിക്കുന്നത്.
ഇതോടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായ ആശങ്കയാണ് പടരുന്നത്. നിര്‍ദേശം ലഭിച്ചവരില്‍ പലരും രണ്ട് വര്‍ഷം വരെ സാധുതയുള്ള വിസയുള്ളവരാണ് എന്നതും ശ്രദ്ധേയം. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് നിയന്ത്രിക്കുന്നതിന് ഐആര്‍സിസി നയങ്ങള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം.
‘എനിക്ക് ഇമെയില്‍ ലഭിച്ചപ്പോള്‍ ഞാന്‍ അല്‍പ്പം ഞെട്ടി. എന്റെ വിസ 2026 വരെ സാധുതയുള്ളതാണ്, എന്നിട്ടും എന്റെ എല്ലാ രേഖകളും വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു,’ ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ പഠിക്കുന്ന ഹൈദരാബാദില്‍ നിന്നുള്ള ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി അവിനാഷ് കൗശികിന്റെ വാക്കുകളില്‍ ആശങ്ക തെളിഞ്ഞു. മാത്രമല്ല, ഹാജര്‍, മാര്‍ക്ക്, ഞങ്ങള്‍ എവിടെയാണ് പാര്‍ട്ട് ടൈം ജോലി ചെയ്യുന്നത് എന്നിവയുടെ തെളിവുകള്‍ പോലും അവര്‍ക്ക് വേണമെന്നും വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞയാഴ്ച പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഇത്തരം ഇമെയിലുകള്‍ എത്തിയിരുന്നു. ചിലരോട് അവരുടെ യോഗ്യത തെളിയിക്കുന്ന രേഖകള്‍ പരിശോധിക്കാന്‍ ഐആര്‍സിസി ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ പോലും ആവശ്യപ്പെട്ടു. ഇതോടെ പല വിദ്യാര്‍ത്ഥികളും ആശയക്കുഴപ്പത്തിലും ആശങ്കയിലുമാണ്.