ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അദ്ദേഹം സഞ്ചരിച്ച വാഹനം റഫയില്‍ ആക്രമണത്തില്‍പ്പെടുകയും തുടര്‍ന്ന് അദ്ദേഹം കൊല്ലപ്പെട്ടുവെന്നുമാണ് വിവരം. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുമുണ്ട്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഗാസയിലെ അന്താരാഷ്ട്ര യുഎന്‍ ജീവനക്കാര്‍ക്കിടയിലെ ‘ആദ്യത്തെ അപകടമാണ്’ റാഫയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്റേത്.
യുണൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റിയിലെ (ഡിഎസ്എസ്) സ്റ്റാഫ് അംഗമായിരുന്നു കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍. അദ്ദേഹത്തെക്കുിച്ചുള്ള കൂടുതല്‍ വിവരങ്ങള് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ളയാളാണെന്നും മുന്‍ ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനാണെന്നും സ്രോതസ്സുകള്‍ പിടിഐയോട് സ്ഥിരീകരിച്ചിട്ടുണ്ട്. റഫയിലെ യൂറോപ്യന്‍ ഹോസ്പിറ്റലിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
യുഎന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ എല്ലാ ആക്രമണങ്ങളെയും ഗുട്ടെറസ് അപലപിക്കുന്നുവെന്നും സമഗ്രമായ അന്വേഷണം വേണമെന്നും സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ഗാസയില്‍ 190 ലധികം യുഎന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു.