ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഒമാൻ, ഖത്തർ ഉൾപ്പെടെ 62 രാജ്യങ്ങളിലേക്ക് ഇനി വിസയില്ലാതെ യാത്ര ചെയ്യാം. ഈ ലക്ഷ്യസ്ഥാനങ്ങൾ ഇന്ത്യക്കാർക്ക് വിസ-ഫ്രീ എൻട്രി അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ എന്നിവ വാഗ്ദാനം ചെയ്യുന്നു.
തായ്‌ലൻഡ്, മലേഷ്യ, ഖത്തര്‍, ശ്രീലങ്ക, ഇറാന്‍, ജോര്‍ദ്ദാന്‍, ഇന്ത്യോനേഷ്യ, മാലദ്വീപ്, മ്യാന്‍മാര്‍, നേപ്പാള്‍, ഒമാന്‍, ഭൂട്ടാന്‍, എത്യോപ്യ, കസാഖിസ്താന്‍ തുടങ്ങി 62 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് യാത്രചെയ്യാനാവുക.
ഈയിടെ പുറത്തുവിട്ട 2024-ലെ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 80-ാം സ്ഥാനത്തെത്തിയതോടെയാണ് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്രചെയ്യാനുള്ള അവസരം ലഭിച്ചത്.
റാങ്കിങില്‍ ഏഴാം സ്ഥാനത്തുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ പൗരന്മാര്‍ക്ക് 188 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ സഞ്ചരിക്കാനാകുക. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ ഡാറ്റ അടിസ്ഥാനമാക്കിയാണ് പാസ്‌പോര്‍ട്ട് സൂചിക റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്.
ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സിംഗപ്പൂര്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളാണ് ലോകത്തില്‍ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ 194 രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാകും.