ജാവലിന്‍ ത്രോയില്‍ നീരജിന് വെള്ളി; ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടി പാകിസ്താന്റെ അർഷാദ് നദീം

പാരീസ് ഒളിമ്പിക്‌സില്‍ ആവേശപ്പോരാട്ടം കണ്ട ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. 89.45 മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി ഉറപ്പിച്ചത്. പാകിസ്താന്റെ അർഷാദ് നദീമിന് ഒളിമ്പിക് റെക്കോഡോടെ സ്വർണം. 92.97 മീറ്ററാണ് അർഷാദ് എറിഞ്ഞത്. ഗ്രെനേഡയുടെ ആൻഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് വെങ്കലം (88.54 മീറ്റർ).

തന്റെ രണ്ടാമത്തെ ത്രോയിലായിരുന്നു അർഷാദ് ഒളിമ്പിക് റെക്കോർഡ് മറികടന്നത്. 2008 ബീജിങ് ഒളിമ്പിക്‌സില്‍ നോർവെ താരം ആൻഡ്രിയാസ് തോർക്കില്‍ഡ്‌സൻ കുറിച്ച റെക്കോഡാണ് മറികടന്നത്. 90.57 മീറ്ററായിരുന്നു ആൻഡ്രിയാസിന്റെ ദൂരം.

നീരജിന്റെ ആദ്യ ത്രോ ഫൗളായിരുന്നു. രണ്ടാമത്തെ ത്രോയിലായിരുന്നു 89.45 മീറ്റർ എറിഞ്ഞത്. കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തേതും സീസണിലെ മികച്ച ത്രോയുമായിരുന്നു ഇത്. നീരജെറിഞ്ഞ ആറ് ത്രോയില്‍ നാലും ഫൗളായി മാറി.

പരുക്കിന്റെ പിടിയിലായിരുന്ന നീരജ് ഫിറ്റ്‌നെസ് വീണ്ടെടുത്ത ശേഷം ആദ്യം ഇറങ്ങിയത് പാരിസിലെ വേദിയിലായിരുന്നു. മൽസരത്തിൽ നിന്നു അല്‍പകാലം വിട്ടുനിന്നതിന്റെ ആലസ്യമൊന്നുമില്ലാത്ത പ്രകടനമായിരുന്നു നീരജിന്റേത്. യോഗ്യതാ റൗണ്ടിൽ ആദ്യശ്രമത്തില്‍ തന്നെ 89.34 മീറ്റര്‍ ദൂരം കണ്ടെത്തിയായിരുന്നു ഫൈനല്‍ പ്രവേശം. 84 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്.

More Stories from this section

family-dental
witywide