
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോളണ്ട് സന്ദർശനം തുടരുന്നു. നാല് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. 1979ൽ മൊറാർജി ദേശായിയാണ് അവസാനമായി പോളണ്ട് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.
“ആദ്യ സന്ദർശനം” നാട്ടിലെ ഏറ്റവും വലിയ തലക്കെട്ടുകളിൽ ഒന്നായിരുന്നുവെന്ന് തമാശരൂപേണ പറഞ്ഞ അദ്ദേഹം, തൻ്റെ സമീപകാല ഓസ്ട്രിയ സന്ദർശനം നാല് പതിറ്റാണ്ടിനിടയിലെ മറ്റൊരു ആദ്യ സന്ദർശനമാണെന്ന് പ്രവാസി ഇന്ത്യക്കാരുടെ ഒരു സമ്മേളനത്തിൽ പറഞ്ഞു. “ഒരുപാട് ‘അദ്യങ്ങൾ’ കൊണ്ടുവരാൻ കഴിഞ്ഞത് എൻ്റെ ഭാഗ്യമാണ്,” പ്രധാനമന്ത്രി പറഞ്ഞു. വിദേശനയത്തിലെ 180 ഡിഗ്രി മാറ്റമാണ് ഇത് സാധ്യമായതെന്നും മോദി പറഞ്ഞു.
“പതിറ്റാണ്ടുകളായി, എല്ലാ രാജ്യങ്ങളിൽ നിന്നും അകലം പാലിക്കുക എന്നതായിരുന്നു ഇന്ത്യയുടെ നയം. ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു… ഇന്ന്, എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലർത്തുക എന്നതാണ് ഇന്ത്യയുടെ നയം. ഇന്നത്തെ ഇന്ത്യ എല്ലാവരുമായും ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു,” 1970ലെ കോൺഗ്രസ് സർക്കാരിന്റെ ചേരിചേരാ നയത്തെ പരാമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.
“ഇന്നത്തെ ഇന്ത്യ എല്ലാവരുടെയും കൂടെയാണ്, എല്ലാവരുടെയും പ്രയോജനത്തെക്കുറിച്ച് ചിന്തിക്കുന്നു. ഇന്ന് ലോകം ഇന്ത്യയെ വിശ്വ ബന്ധു (എല്ലാവരുടെയും സുഹൃത്ത്) ആയി ബഹുമാനിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിലും നാളെ മോദി പങ്കെടുക്കും. ശേഷം വൈകിട്ട് മോദി പോളണ്ടിൽ നിന്ന് ട്രെയിനിൽ യുക്രെയിനിലേക്ക് പോകും. പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോയിൽ നിന്ന് പത്തു മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാവും മോദി കീവിൽ എത്തുക.