
ഹൈദരാബാദ്: 2021-ൽ ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഉണ്ടായ അനുഭവത്തിൻ്റെ പേരിൽ ഹൈദരാബാദ് ദമ്പതികൾക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഡിഗോ എയർലൈൻസിന് നിർദേശം. വിമാനത്തിലെ വൃത്തിഹീനമായ പരിസരം കാരണം യാത്രാനുനുഭവം സുഖകരമായിരുന്നില്ലെന്ന് പരാതിക്കാരനായ ഡി രാധാകൃഷ്ണ പറയുന്നു.
ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ-1ൽ നൽകിയ പരാതിയിൽ, കോച്ചിൽ മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും ഉപയോഗിച്ച നാപ്കിനുകളും നിറഞ്ഞിരുന്നതായി അദ്ദേഹം ആരോപിച്ചു. വിമാനത്തിലെ വൃത്തിഹീനമായ സാഹചര്യം കാരണം തൻ്റെ പങ്കാളിക്ക് ഓക്കാനം, ഛർദ്ദി എന്നിവ അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
എന്നാൽ, വിമാനത്തിലെ സാഹചര്യങ്ങൾ കാരണം തൻ്റെ ജീവിതപങ്കാളി നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പരാതിക്കാരൻ മുമ്പ് പറഞ്ഞിട്ടില്ലെന്ന് ഇൻഡിഗോ ആരോപിച്ചു.
ഇരുകക്ഷികളുടെയും വാദം കേട്ടശേഷം, യാത്രക്കാർ കയറുന്നതിന് മുമ്പ് ഇൻഡിഗോ ശുചിത്വം പാലിക്കേണ്ടതായിരുന്നുവെന്ന് ബെഞ്ച് വ്യക്തമാക്കി. ജൂലായ് ഒന്നു മുതൽ 45 ദിവസത്തിനകം നഷ്ടപരിഹാര തുക നൽകണമെന്നാണ് വിമാനക്കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ, തൻ്റെ വിമാനം റദ്ദാക്കിയ വിവരം അറിയിക്കാൻ വൈകിയെന്ന് ആരോപിച്ച് ഹൈദരാബാദ് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഡിഗോ എയർലൈൻസിനോട് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു.