
ന്യൂഡല്‍ഹി: ഇന്ത്യോനേഷ്യയില്‍ ഒരു ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെ ഇടിമിന്നലേറ്റ ഫുട്‌ബോള്‍ കളിക്കാരന്‍ മരിച്ചു. ശനിയാഴ്ച വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. സുബാംഗില്‍ നിന്നുള്ള സെപ്റ്റൈന്‍ രഹര്‍ജ എന്ന ഫുട്ബോള്‍ താരമാണ് മിന്നലേറ്റ് മരിച്ചത്. ശനിയാഴ്ച നടന്ന സംഭവം വൈകിയാണ് പുറം ലോകം അറിയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരത്തില്‍ രണ്ടാമത്തെ സംഭവമാണ് ഇന്തോനേഷ്യയില്‍ നിന്ന് പുറത്തുവരുന്നത്. അപകടത്തിന് ശേഷം സെപ്റ്റൈന്‍ രഹര്‍ജയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ, ഈസ്റ്റ് ജാവയിലെ ബോജോനെഗോറോയിലെ ഒരു യുവ ഫുട്‌ബോള്‍ കളിക്കാരന് 2023 ലെ സൊറാറ്റിന്‍ അണ്ടര്‍ -13 കപ്പിനിടെ ഇടിമിന്നലേല്‍ക്കുകയും തുടര്‍ന്ന് ഹൃദയാഘാതം സംഭവിക്കുകയും പിന്നീട് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തിരുന്നു.