കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ ആരോപിച്ച് ഫിലിപ്പീന്‍സിലെ പ്രമുഖ പാസ്റ്ററെ ഞായറാഴ്ച അറസ്റ്റുചെയ്തു. ‘പ്രപഞ്ചത്തിന്റെ ഉടമ’, ‘ദൈവത്തിന്റെ നിയുക്ത പുത്രന്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പാസ്റ്റര്‍ അപ്പോളോ ക്വിബോലോയ് ആണ് കുടുങ്ങിയത്. 2,000ത്തിലധികം പൊലീസുകാര്‍ രണ്ടാഴ്ചയിലേറെയായി പാസ്റ്ററിന്റെ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 74 ഏക്കര്‍ കോമ്പൗണ്ടില്‍ തിരച്ചില്‍ നടത്തിയാണ് ഇയാളെ കണ്ടെത്തിയത്. ബങ്കറില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്നും അവിടുന്നാണ് പിടിയിലായതെന്നും വിവരമുണ്ട്.
അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ(എഫ്.ബി.ഐ) ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയില്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കൂടിയാണ് ഇയാള്‍.
അപ്പോളോയെ അറസ്റ്റ് ചെയ്യാനുള്ള കോടതി ഉത്തരവുമായെത്തിയ പൊലീസിനെ ഇയാളുടെ അനുയായികള്‍ തടഞ്ഞിരുന്നു. 75,000 ഇരിപ്പിടങ്ങളുള്ള ഒരു കത്തീഡ്രല്‍, ഒരു കോളേജ്, ഒരു സ്റ്റേഡിയം എന്നിവ ഉള്‍പ്പെടുന്ന സ്ഥലത്ത് ഹെലികോപ്ടര്‍ ഉള്‍പ്പെടെ എത്തിച്ചാണ് ഇയാളെ കുടുക്കിയത്.
ഇയാള്‍ അറസ്റ്റിലാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, തെര്‍മല്‍ ഇമേജിംഗും റഡാര്‍ സാങ്കേതികവിദ്യയും ഉപയോഗിച്ച് ഭൂമിയുടെ ആഴത്തിലുള്ള ഒരു മനുഷ്യശരീരത്തിന്റെ ചൂടും ഹൃദയമിടിപ്പും പൊലീസ് രേഖപ്പെടുത്തിയതായും അങ്ങനെ പാസ്റ്റര്‍ ഇവിടെത്തന്നെ ഉണ്ടെന്ന് ഉറപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
മുന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ ദീര്‍ഘകാല സുഹൃത്തായ അപ്പോളോ ക്വിബോലോയെ, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും വേണ്ടി പിടികൂടാന്‍ ശ്രമം നടത്തിവരികയായിരുന്നു.
12 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയെന്നും ഇവരെ ലൈംഗികമായി ചൂഷണംചെയ്തെന്നുമാണ് യു.എസില്‍ ഇയാള്‍ക്കെതിരെയുള്ള കേസ്. ‘പേഴ്സണല്‍ അസിസ്റ്റന്റ്’ ആയാണ് പെണ്‍കുട്ടികളെ ഇയാള്‍ ഒപ്പംകൂട്ടിയിരുന്നത്. പിന്നീട് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഇവരെ നിര്‍ബന്ധിക്കും. നിരവധി പെണ്‍കുട്ടികളെ പാസ്റ്റര്‍ ഇത്തരത്തില്‍ ചൂഷണംചെയ്തതായാണ് റിപ്പോര്‍ട്ട്.