മുംബൈ/ന്യൂഡൽഹി: മുംബൈയിലെ നേവൽ ഡോക്ക് യാർഡിൽ അറ്റകുറ്റപ്പണി നടത്തികൊണ്ടിരുന്ന ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിന് തീപിടിച്ചു. ഒരു ജൂനിയർ നാവികനെ കാണാതായതായും രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണെന്നും നാവികസേന അറിയിച്ചു. മറ്റെല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും നാവികസേന അറിയിച്ചു.
ഞായാറാഴ്ച വൈകുന്നേരമാണു കപ്പലിൽ തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ കപ്പൽ ജീവനക്കാർ തിങ്കളാഴ്ച രാവിലെയോടെ തീ നിയന്ത്രണ വിധേയമാക്കി. ശേഷിക്കുന്ന അപകട സാധ്യതകൾ വിലയിരുത്തുന്നതിനായി സാനിറ്റൈസേഷൻ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.
“… തിങ്കളാഴ്‌ച രാവിലെയോടെ മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിലെയും തുറമുഖത്തുള്ള മറ്റ് കപ്പലുകളിലെയും അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ കപ്പൽ ജീവനക്കാർ തീ നിയന്ത്രണവിധേയമാക്കി. തുടർന്ന്, ശേഷിക്കുന്ന അപകടസാധ്യത വിലയിരുത്തുന്നതിനുള്ള സാനിറ്റൈസേഷൻ പരിശോധനകൾ ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി,” നാവികസേന പ്രസ്താവനയിൽ പറഞ്ഞു.
അപകടത്തെ തുടർന്ന് കാണാതായ നാവിക ഉദ്യോഗസ്ഥന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഇന്ത്യൻ നാവിക സേന അന്വേഷത്തിന് ഉത്തരവിട്ടു. തദ്ദേശീയമായി നിർമിച്ച ബ്രഹ്മപുത്ര 2000 ഏപ്രിലിൽ ആണ് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തത്.