ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ കണ്ടെടുത്ത വസ്തുക്കള്‍ ആരുടെയും ഹൃദയം നുറുക്കുന്നതാണ്. രണ്ടു വയസ്സുള്ള മകനായി സൂക്ഷിച്ച ചെറിയ കളിപ്പാട്ട ലോറിയാണ് കാബിനില്‍ നിന്നും കണ്ടെടുത്തത്. ലോറിയുടെ കാബിനില്‍ നിന്നും കുഞ്ഞു മകനായി സൂക്ഷിച്ചിരുന്ന കളിപ്പാട്ട ലോറി കണ്ടെടുത്തത് ഏവരുടെയും ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയാണ്. ഇതിനൊപ്പം തന്നെ ലോറിയുടെ കാബിനില്‍ നിന്നും അര്‍ജുന്റെ വാച്ച്, ചെരുപ്പ്, വസ്ത്രങ്ങൾ, ഫോണുകള്‍, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയവയും കണ്ടെടുത്തു. ഇവയെല്ലാം അർജുന്റെതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അര്‍ജുന്റെ രണ്ടു മൊബൈല്‍ ഫോണുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഒരു ഫോണ്‍ കാബിനിലും ഒരെണ്ണം ബാഗിലുമായിരുന്നു. കുപ്പിവെള്ളം, കവറില്‍ സൂക്ഷിച്ച ധാന്യങ്ങള്‍ തുടങ്ങിയവയും ഡ്രൈവിങ് സീറ്റിന്റെ കാബിന് പിന്നില്‍ നിന്നും കണ്ടെടുത്തു. ചളിയില്‍ പുരണ്ട നിലയിലാണ് അർജുന്റെ വസ്ത്രങ്ങൾ കണ്ടെടുത്തത്. കൂടാതെ വാഹനവുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തിട്ടുണ്ട്.
രാവിലെ ലോറി കരയിലേക്ക് കയറ്റിയതിനു ശേഷമാണ് പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയത്. രണ്ട് അസ്ഥിഭാഗങ്ങളും തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് അയക്കാനായി മാറ്റി. ലോറിയുടെ മെക്കാനിക് ഉപകരണങ്ങള്‍ അടങ്ങിയ ബാഗും കണ്ടെടുത്തിട്ടുണ്ട്. കണ്ടെത്തിയത് തങ്ങള്‍ക്ക് വിലമതിക്കാനാകാത്തതാണ്, ഇതെങ്കിലും കണ്ടെത്തിയത് തങ്ങള്‍ക്ക് ആശ്വാസകരമെന്നും അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിന്‍ പറഞ്ഞു.