വാഷിംഗ്ടണ്‍: വ്യാജമെഡിക്കല്‍ രേഖകള്‍ നല്‍കി 6.64 കോടി രൂപയിലധികം ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ – അമേരിക്കന്‍ ഫിസിഷ്യന്‍ കുറ്റക്കാരിയെന്ന് കണ്ടെത്തി.
ചിക്കാഗോയില്‍ നിന്നുള്ള 51 കാരിയായ മോനാ ഘോഷാണ് ഭീമമായ തുകയുടെ തട്ടിപ്പിന് ചുക്കാന്‍ പിടിച്ചത്. യു.എസിലെ പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് സേവനമായ മെഡികെയ്ഡിനും മറ്റ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും നിലവിലില്ലാത്ത സേവനങ്ങളുടേയും മറ്റുമായി വ്യാജ ബില്ലുകളും രേഖകളും നല്‍കിയായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, ഹെല്‍ത്ത് കെയര്‍ വഞ്ചനയുടെ പേരില്‍ ഫെഡറല്‍ ഗ്രാന്‍ഡ് ജൂറി ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. കുറ്റപത്രം അനുസരിച്ച്, ഫിസിഷ്യനും അവളുടെ ക്ലിനിക്കും വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെ 796,000 യുഎസ് ഡോളര്‍ (ഏകദേശം 6.64 കോടി രൂപ) നേടിയതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രോഗ്രസീവ് വിമന്‍സ് ഹെല്‍ത്ത്കെയറിന്റെ ഉടമയും നടത്തിപ്പുകാരിയുമായ മോനാ ഘോഷ്, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി സേവനങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇവര്‍ക്ക് രണ്ടു കേസുകളിലുമായി 10 വര്‍ഷം വീതം ജയില്‍ ശിക്ഷ ലഭിച്ചേക്കാമെന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മോനാ ഘോഷിന്റെ ശിക്ഷ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഫ്രാങ്ക്‌ലിന്‍ യു വാല്‍ഡെര്‍മ ഒക്ടോബര്‍ 22 ന് വിധിക്കുമെന്നാണ് വിവരം.
കോടതി രേഖകള്‍ പ്രകാരം, 2018 മുതല്‍ 2022 വരെയാണ് ഇവര്‍ തട്ടിപ്പു നടത്തിയിരുന്നത്. പലപ്പോഴും രോഗിയുടെ സമ്മതമില്ലാതെയോ അറിവില്ലാതെയോ വ്യാജ രേഖകള്‍ ഉപയോഗിച്ചും ഇവര്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്.