കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടക്കാനിരിക്കെ വടകരയിൽ സംഘർഷ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതുമുതലുള്ള പ്രശ്നങ്ങളുടെ തുടർച്ചയായി വടകരയിൽ സംഘർഷ സാധ്യതയുണ്ടെന്നാണ് ഇന്‍റലിജൻസ് മുന്നറിയിപ്പ് നൽകിയത്. ഈ പശ്ചാത്തലത്തിൽ ക്രമസമാധന ചുമതലയുളള എ ഡി ജി പിയടക്കം വൻ പൊലീസ് സന്നാഹമാണ് വടകരയിൽ ക്യാമ്പ് ചെയ്യുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിന് പിന്നാലെ ഡി ജി പിയും എ ഡി ജി പിയും പ്രത്യേക യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് എ ഡി ജി പി സ്ഥലത്ത് ക്യാമ്പ് ചെയ്യാൻ തീരുമാനിച്ചത്.
അതിനിടെ കോഴിക്കോട് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിമാടുകുന്ന് ജെ ഡി ടി കോളേജ്, കോഴിക്കോട് കോർപ്പറേഷൻ 11, 15 വാർഡ്, താമരശ്ശേരി കോരങ്ങാട് അൽഫോൻസ സ്കൂൾ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിലാണ് കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടക്കുന്നത്.വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെൻറ് അൽഫോൻസ സീനിയർ സെക്കൻഡറി സ്കൂളിന്‍റെ 100 മീറ്റർ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് നിലവിൽ വന്ന നിരോധനാജ്ഞ ബുധനാഴ്ച രാവിലെ 10 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.