മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജുഡീഷ്യല്‍, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡികളിലായി 50 ദിവസത്തോളമാണ് കെജ്‌രിവാള്‍ ജയിലില്‍ കഴിഞ്ഞത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ജാമ്യം നല്‍കുന്നതിനെ ഇഡി എതിര്‍ത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം മൗലികമോ, ഭരണഘടനാപരമോ ആയ അവകാശമല്ല. ഒരു രാഷ്ട്രീയ നേതാവിനും പ്രചാരണത്തിന് വേണ്ടി ജാമ്യം ലഭിച്ചിട്ടില്ല. കെജ്രിവാളിനെ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് ജയിലില്‍ നിന്ന് പുറത്തുവിടുന്നത് തെറ്റായ മാതൃക സൃഷ്ടിക്കും – ഇഡി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് സാധാരണക്കാര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ആറ് മാസത്തിനിടെ ഒന്‍പത് തവണയാണ് ഇ ഡിയുടെ സമന്‍സ് കെജ്‌രിവാള്‍ അവഗണിച്ചതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
“2022 ഓഗസ്റ്റിൽ, ഇഡി കേസ് റജിസ്റ്റർ ചെയ്തതാണ്. 2024 മാർച്ചിലാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതത്. ഒന്നര വർഷത്തോളം അദ്ദേഹം ഇവിടെ ഉണ്ടായിരുന്നു. അറസ്റ്റ് അതിനു ശേഷമോ അതിനു മുമ്പോ ആകാവുന്ന സാഹചര്യവുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ 21 ദിവസം അയാൾക്ക് ജാമ്യം നൽകുന്നത് പ്രത്യേകിച്ച് ഒരു വ്യത്യാസവും ഉണ്ടാക്കില്ല” ജസ്റ്റിസ് ഖന്ന പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് തൊട്ടുപിന്നാലെ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് ബെഞ്ച് നേരത്തേ തന്നെ ഇഡിയോട് ചോദിച്ചിരുന്നു . .
അതേസമയം, മോചനം ലഭിച്ചാല്‍ മുഖ്യമന്ത്രി എന്നതരത്തിലുള്ള ഔദ്യോഗിക ഇടപെടലുകള്‍ കെജ്രിവാള്‍ നടത്തില്ലെന്ന് ഞങ്ങള്‍ കരുതുന്നെന്നും തിരഞ്ഞെടുപ്പ് എന്നത് ഇല്ലായിരുന്നെങ്കില്‍ ഇടക്കാലജാമ്യം എന്നത് കോടതി പരിഗണിക്കുകയേ ഇല്ലായിരുന്നെന്ന് ജസ്റ്റിസ് ദീപാങ്കുര്‍ ദത്ത നിരീക്ഷിച്ചു. ഇടക്കാല ജാമ്യം ലഭിച്ചാല്‍ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളൊന്നും കെകാര്യം ചെയ്യില്ലെന്ന് കെജ്‌രിവാള്‍ കോടതിയെ അറിയിച്ചു.