സ്വർണത്തിലും അമേരിക്കൻ ഇഫക്ട്; രാജ്യാന്തര സ്വർണ വില കുതിച്ചു കയറുന്നു

രാജ്യാന്തര സ്വർണ വില ചരിത്രത്തിൽ ആദ്യമായി ഔൺസിന് 2,600 ഡോളർ കടന്നു. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കിൽ അരശതമാനം ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ ഈ മാസം 18 ന് കുറിച്ച, 2,598 ഡോളർ എന്ന റെക്കോർ‌ഡ് പഴങ്കഥയാക്കി ഇന്ന് 2,614 ഡോളറിലേക്കാണ് വില ഉയർന്നത്. പലിശ കുറച്ചതിനു പിന്നാലെ യുഎസ് ഡോളറും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (യുഎസ് ട്രഷറി യീൽഡ്) ദുർബലമായത് സ്വർണ നിക്ഷേപ പദ്ധതികളുടെ സ്വീകാര്യത കൂട്ടിയിട്ടുണ്ട്.

നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 2,614.62 ഡോളറിൽ. ഇന്നുമാത്രം ഇതുവരെ 27 ഡോളർ വർധിച്ചിട്ടുണ്ട്.

ഇതിനു പുറമേ മധ്യേഷ്യയിലെ സംഘർഷവും സ്വർണവില വർധനയ്ക്കു വഴിവച്ചു. ഇന്ത്യയടക്കമുള്ള മുൻനിര വിപണികളിൽ സ്വർണാഭരണ ഡിമാൻഡ് വർധിക്കുന്നതും വില വർധനയ്ക്ക് ആക്കംകൂട്ടുകയാണ്. വരുംനാളുകളിൽ വില ഇനിയും കൂടുമെന്ന ആശങ്കയുള്ളതിനാൽ വിവാഹ പാർട്ടികൾ ഇപ്പോഴേ സ്വർണാഭരണം വാങ്ങാനുള്ള തിരക്കിലാണെന്നും വിതരണക്കാർ വ്യക്തമാക്കുന്നു.

International gold prices are soaring