ഇന്ന് ലോക മാതൃദിനം; ആദ്യമായി മാതൃദിനം ആചരിച്ചത് അമേരിക്കയിൽ

ഇന്ന് ലോക മാതൃദിനം. നമ്മുടെ ജീവിതം രൂപപ്പെടുത്തിയ അവിശ്വസനീയമായ സ്ത്രീകളെ ആഘോഷിക്കാനുള്ള അവസരമാണ് മാതൃദിനം. അത് സ്വന്തം അമ്മയോ, മുത്തശ്ശിയോ, സഹോദരിയോ, അല്ലെങ്കിൽ മാതൃസ്ഥാനീയരായ മറ്റാരെങ്കിലുമോ ആകട്ടെ, അവരുടെ സ്നേഹത്തെയും ത്യാഗങ്ങളെയും അചഞ്ചലമായ പിന്തുണയെയും ബഹുമാനിക്കാനും നന്ദി പറയാനുമുള്ള ദിവസമാണിത്.

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനം ആഘോഷിക്കുന്നത. എന്നാൽ ലോകത്ത് ചില സ്ഥലങ്ങളിൽ വ്യത്യസ്ത തീയതികളിലാണ് മാതൃദിനം ആഘോഷിക്കുന്നത്. മെയ് 12 ന്, യുഎസ്, ഇന്ത്യ, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്പിൻ്റെ മിക്ക ഭാഗങ്ങളിലും മാതൃദിനം ആഘോഷിക്കും.

ലോകത്ത് ആദ്യമായി മാതൃദിനം ആചരിച്ചത് അമേരിക്കയിലാണ്. 20ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് അമേരിക്കയിൽ മാതൃദിനം ആഘോഷിച്ച് തുടങ്ങിയത്. 1908ൽ അമേരിക്കക്കാരിയായ അന്ന ജാർവിസ് ആണ് ആദ്യമായി മാതൃദിനാഘോഷം സംഘടിപ്പിച്ചത്. ആഭ്യന്തരയുദ്ധത്തിൽ പരുക്കേറ്റ സൈനികർക്ക് പരിചരണം നൽകുന്നതിനായി മദേഴ്‌സ് ഡേ വർക്ക് ക്ലബ്ബുകൾ സ്ഥാപിച്ച സമാധാന പ്രവർത്തകയായിരുന്ന അമ്മ ആൻ റീവ്സ് ജാർവിസിനെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് അന്ന ഈ പരിപാടി സംഘടിപ്പിച്ചത്.

തന്റെ കുടുംബത്തിനും രാജ്യത്തിനും വേണ്ടിയുള്ള അമ്മയുടെ സമർപ്പണത്തിനും ത്യാഗത്തിനും ആദരാഞ്ജലി അർപ്പിക്കുക എന്നതായിരുന്നു അന്ന ജാർവിസിന്റെ ലക്ഷ്യം. അന്ന ജാർവിസിന്റെ ശ്രമങ്ങൾ 1914ൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാതൃദിനം ഔദ്യോഗികമായി അംഗീകരിക്കുന്നതിലേക്ക് നയിച്ചു. അതിനുശേഷം, മാതൃദിനം ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ഒരു ജനപ്രിയ ദിനമായി മാറി. അന്ന് ആ ചടങ്ങുകള്‍ നടന്ന വിര്‍ജീനിയയിലെ സെന്‍റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളി ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളിയെന്നാണ് അറിയപ്പെടുന്നത്.