ന്യൂഡല്‍ഹി: സിസ്റ്റര്‍ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ ജാമ്യത്തിനെതിരെ അപ്പീല്‍ ഉടന്‍ ഫയല്‍ ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് സിബിഐക്ക് നിര്‍ദേശം. പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണേല്‍ മന്ത്രാലയം സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്
ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച ഫാദര്‍ തോമസ് കോട്ടൂരിനും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച സിസ്റ്റര്‍ സെഫിക്കും ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.
ഇത് റദ്ദാക്കാന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കാനാണ് സി.ബി.ഐ ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ജാമ്യം നല്‍കിയത് നിയമ വിരുദ്ധമാണെന്നും അതിനെതിരെ സി.ബി.ഐ അപ്പീല്‍ ഫയല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് 2023 നവംബര്‍ 16-ന് പ്രധാനമന്ത്രിക്കും കേന്ദ്ര പേഴ്സണേല്‍ മന്ത്രാലയം സെക്രട്ടറി എസ് രാധാ ചൗഹാന് ഐ.എ.എസ്സിനും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇടപെടലുണ്ടായിരിക്കുന്നത്.