മനോജ് വഞ്ചിയിൽ
ചിക്കാഗോ: അഹിംസയുടെ പാതയിലൂടെ ആര്‍ക്കും തച്ചുടക്കാനാകാത്ത സ്വാതന്ത്ര്യമാണ് ഗാന്ധിജി ഇന്ത്യയ്ക്ക് നേടി തന്നത്. ഒരു ശക്തിക്കും ഒരു ഏകാധിപതിക്കും ഇന്ത്യയെ കീഴടക്കാനാകില്ലെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്‍ പറഞ്ഞു . ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ചിക്കാഗോയുടെ നേതൃത്വത്തില്‍ നടന്ന ഗാന്ധി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്രമത്തിലൂടെ നേടുന്ന സ്വാതന്ത്ര്യം നിലനില്‍ക്കില്ലെന്ന് ഗാന്ധിജിക്ക് നന്നായി അറിയാം. എന്നാല്‍ അക്രമത്തിന്റെ പാതയിലല്ലാതെ എല്ലാകാലത്തേക്കും നിലനില്‍ക്കുന്ന സ്വാതന്ത്ര്യമാണ് ഗാന്ധിജി നമുക്ക് നേടി തന്നത്.മരണം ചിലരെ കൂടുതല്‍ ശക്തരാക്കും. അതുപോലെയാണ് ഗാന്ധിജിയുടെ കാര്യത്തില്‍ സംഭവിച്ചത്. ഗാന്ധിജിയുടെ മരണത്തോടെ കൂടുതല്‍ ശക്തമായ വ്യക്തിത്വമായി ഗാന്ധിജി മാറി. അമേരിക്കയിലും യുകെയിലും നിരവധി ഇടങ്ങളില്‍ ഗാന്ധിജിയുടെ ശില്പങ്ങള്‍ ഉണ്ട്. ഗാന്ധി എന്നത് തലമുറകള്‍ക്ക് ശക്തിപകരുന്ന സന്ദേശമാണ്. സത്യത്തെ ഒരുകാലത്തും ഇല്ലാതാക്കാന്‍ സാധിക്കില്ല. ജാതിയുടെ പേരില്‍, മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിക്കുന്ന സാഹചര്യമാണ് നമ്മുടെ നാട്ടില്‍ ഉണ്ടാകുന്നത് – ചാണ്ടി ഉമ്മൻ പറഞ്ഞു.
പ്രവാസികള്‍ മാറ്റത്തിന്റെ ശക്തികള്‍ കൂടിയാണ്. പ്രവാസികളിലൂടെ ഒരുപാട് മാറ്റങ്ങള്‍ നമ്മുടെ നാട്ടില്‍ കൊണ്ടുവരാന്‍ സാധിക്കും. അങ്ങനെ നല്ല മാറ്റങ്ങള്‍ക്ക് പ്രവാസികള്‍ നിലകൊള്ളണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.
മനുഷ്യനായി ജീവിച്ചിട്ട് കാര്യമില്ല, മനുഷ്യത്വം ഉണ്ടെങ്കിലേ ഒരാൾ മനുഷ്യനാകൂ എന്ന ഗാന്ധിയുടെ ദർശനം നമ്മൾ ജീവിതത്തിൽ പകർത്തണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി കറ്റാനം ഷാജി പറഞ്ഞു. ഗാന്ധിജി മരിച്ചിട്ട് ഏറെ വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തെ കണ്ടിട്ടുപോലുമില്ലാത്ത തലമുറകൾ അദ്ദേഹത്തെ ഇതുപോലെ ബഹുമാനിക്കുന്നത് ഗാന്ധിജിയുടെ ദർശനങ്ങളുടെ മഹത്വം കൊണ്ടാണ്. ലോകത്ത് എവിടെ പോയാലും ഗാന്ധിയെ അറിയാത്തവരില്ല. നമുക്ക് ഇന്ത്യക്ക് പുറത്തു കിട്ടുന്ന ബഹുമാനത്തിന് കാരണം ഗാന്ധിയുടെ നാട്ടുകാരൻ എന്ന പരിഗണനയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം നയിച്ച് ബ്രിട്ടിഷുകാരെ അടിയറ പറയിച്ചിട്ടും അധികാരത്തിന്റെ കേന്ദ്രങ്ങളിൽ ഇരിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല, അദ്ദേഹം വീണ്ടും ഇന്ത്യയിലെ പാവപ്പെട്ടവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. അങ്ങനെയൊരു നേതാവ് ലോക ചരിത്രത്തിൽ എവിടെയും ഉണ്ടാവില്ലെന്നും ഷാജി പറഞ്ഞു. ഗാന്ധിയുടെ തത്വങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ച് അതിൽ വിജയിച്ച ഒരു കോൺഗ്രസ് നേതാവായിരുന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നും കറ്റാനം ഷാജി പറഞ്ഞു.
ഗാന്ധിയുടെ അടിസ്ഥാന പ്രമാണം ദൈവമാണ് സത്യം, സത്യമാണ് ദൈവം എന്ന ആശയമായിരുന്നു എന്ന് ചിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക അസി. വികാരി ഫാ. ജിബിൻ കുഴിവേലിൽ പറഞ്ഞു.
ഒക്ടോബര്‍ മൂന്നാം തിയതി വൈകുന്നേരം 7.30ന് ആരംഭിച്ച ആഘോഷ പരിപാടിയില്‍ സന്തോഷ് നായര്‍ അധ്യക്ഷനായിരുന്നു, ഐഒസി കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു ,ഐഒസി കേരള ചാപ്റ്റർ പ്രസിഡൻ്റ് സതീഷ് നായര്‍, കെപിസിസി ജനറൽ സെക്രട്ടറി കറ്റാനം ഷാജി, ഫാ. ജിതിൻ കുഴിവേലിൽ , ഫ്രാൻസിസ് കിഴക്കേക്കുറ്റ്, എൻആർഐ റിപ്പോർട്ടർ ചീഫ് എഡിറ്റർ ബിജു കിഴക്കേക്കുറ്റ്,തെലങ്കാന ഐഒസി ചാപ്റ്റർ പ്രസിഡൻ്റ് കൃഷ്ണയ്യ, പ്രവീൺ തോമസ്, സണ്ണി വള്ളിക്കുളം, ലൂയി ചിക്കാഗോ, സുനീന ചാക്കോ, ലീല ജോസഫ്, ജിതേഷ് ചുങ്കത്ത് , എബി റാന്നി എന്നിവർ പ്രസംഗിച്ചു.
IOC Chicago celebrates Gandhi Jayanti ; Chandy Oommen MLA came as the chief guest