ന്യൂജേഴ്സി: ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2024-2025 വര്‍ഷത്തെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ന്യൂജേഴ്സിയിലെ ഫോര്‍ഡ്സിലുള്ള റോയല്‍ ആല്‍ബര്‍ട്സ് പാലസിലെ പ്രൗഡമായ ചടങ്ങ്. കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നും നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍ ഐപിസിഎന്‍എ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എംഎല്‍.എയുടെ പ്രസംഗം. ചടങ്ങില്‍ മുഖ്യാതിഥിയായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത് പ്രധാന്‍ പങ്കെടുത്തു.
അമേരിക്കയിലെ മലയാളി സമൂഹത്തെ ഒന്നിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതില്‍ മാധ്യമ രംഗം വലിയ പങ്കാണ് വഹിക്കുന്നതെന്ന് ചടങ്ങില്‍ മൂഖ്യാതിഥിയായി പങ്കെടുത്ത ഹൂസ്റ്റണിലെ മലയാളി ജഡ്ജി ജൂലി മാത്യു അഭിപ്രായപ്പെട്ടു. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും ജൂലി മാത്യു അറിയിച്ചു.
നവമാധ്യമ കാലത്തെ പുതിയ സാധ്യതകള്‍ ഉള്‍ക്കൊണ്ടാകും ഇന്ത്യ പ്രസ് ക്ളബിന്റെ വരും വര്‍ഷങ്ങളിലെ പ്രവര്‍ത്തനമെന്ന് പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ ചൂണ്ടിക്കാട്ടി.
വാഗ്ദാനങ്ങളല്ല, പ്രവര്‍ത്തനം എന്ന ഉറപ്പാണ് നല്‍കാനുള്ളത്. നവ മാധ്യമങ്ങളുടെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഈ കാലത്ത് ഇതൊക്കെ എങ്ങനെ മാധ്യമ രംഗത്ത് പ്രാപ്തമാക്കാം എന്നതാണ് ആലോചിക്കുന്നത്. കൂട്ടായ്മയുടെയും സൗഹൃത്തിന്റെയും കൂടി വേദിയാണ് ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നും അതിന് ഉദാഹരണമാണ് എല്ലാ സംഘടനകളുടെയും ഈ പരിപാടിയിലെ പ്രാതിനിധ്യമെന്നും സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു. ഇന്ത്യ പ്രസ് ക്ളബിന്റെ മുന്‍ പ്രസിഡന്റുമാരും സെക്രട്ടറിമാരും എല്ലാ കാലത്തും സംഘടനയുടെ താങ്ങും തണലുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒറ്റക്കെട്ടായ പ്രവര്‍ത്തനമായിരിക്കും ഇന്ത്യ പ്രസ്ക്ളബ് എന്നും പിന്തുടരുക എന്നും എല്ലാവരുടെയും പിന്തുണ അതിന് അനിവാര്യമാണെന്നും ചടങ്ങില്‍ സ്വാഗതം പറഞ്ഞുകൊണ്ട് ഐപിസിഎന്‍എ സെക്രട്ടറി ഷിജോ പൗലോസ് ചൂണ്ടിക്കാട്ടി. നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുപോകും. അമേരിക്കയില്‍ വിവിധ സംഘടനകള്‍ പല പ്രശ്നങ്ങളാല്‍ പിരിഞ്ഞുനില്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. റൗണ്ട് ടേബിള്‍ ചര്‍ച്ചകളിലൂടെ എല്ലാവരെയും ഒന്നിപ്പിച്ചു. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോയി സംഘടനയെ ശക്തിപ്പെടുത്തുക എന്നതായിരിക്കും പ്രഥമ ദൗത്യമെന്നും ഷിജോ പൗലോസ് പറഞ്ഞു.
വന്ദേഭാരതിന്റെ വേഗതയില്‍ ഓടാന്‍ പുതിയ ഭരണസമിതിക്ക് കഴിയട്ടേ എന്ന് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം ആശംസിച്ചു. സമൂഹത്തിലെ കളകള്‍ പറിച്ചുമാറ്റുക എന്നതാണ് മാധ്യമ പ്രവര്‍ത്തകരുടെ ധര്‍മ്മം. എന്നാല്‍ അതിന് കൈവിലങ്ങിടുന്ന സാഹചര്യമാണ് ഇന്ത്യയിലും ലോകമെമ്പാടും ഉള്ളത്. അതൊക്കെ അതീജിവിച്ച് മുന്നോട്ടുപോകുന്ന കുറച്ചുമാധ്യമ പ്രവര്‍ത്തകരെങ്കിലും ഈ സംഘടനയിലും ലോകത്തും അവശേഷിക്കുന്നുണ്ടെന്ന് തൈമറ്റം പറഞ്ഞു.
ഇന്ത്യയില്‍ അടിയന്തിരാവസ്ഥ നിലനില്‍ക്കുന്നില്ലെങ്കിലും ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണമെന്ന് ചടങ്ങില്‍ സംസാരിച്ച ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന്‍ പറഞ്ഞു.
ഐപിസിഎന്‍എയുടെ പുതിയ ഭരണസമിതിക്ക് ഫോമയുടെ എല്ലാ പിന്തുണയും അറിയിക്കുന്നുവെന്ന് ഫോമ നാഷണല്‍ ട്രഷറര്‍ ബിജു തോണിക്കടവില്‍ പറഞ്ഞു. മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതില്‍ വലിയ പങ്കാണ് അമേരിക്കയിലെ മലയാളി മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എങ്ങനെ മാധ്യമ രംഗത്ത് ഉപയോഗിക്കാമെന്നതില്‍ സെമിനാറുകളും പരിശീലന പരിപാടികളും ഈ വര്‍ഷം സംഘടിപ്പിക്കുമെന്ന് ഐപിസിഎന്‍എ ജോ സെക്രട്ടറി ആഷാ മാത്യു അറിയിച്ചു. കേരള മീഡിയ അക്കാദമിയുമായി സഹകരിച്ച് ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്നതിനുള്ള പദ്ധതി തുടരും, കേരളത്തിലെയും ഗള്‍ഫ് മേഖലയിലെയും പ്രസ് ക്ളബുകളുമായി സഹകരിച്ചുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആഷാ മാത്യു അറിയിച്ചു.
ഡബ്ള്യു എം.സി ഗ്ളോബല്‍ പ്രസിഡന്റ് തോമസ് മുണ്ടക്കല്‍, ഐപിസിഎന്‍എ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പളവേലിയില്‍ സംസാരിച്ചു. ട്രഷറര്‍ വിശാഖ് ചെറിയാന്‍ ചടങ്ങില്‍ നന്ദി പറഞ്ഞു.
IPCNA commencement of activities for 2024 – 25 year