അഹമ്മദാബാദ്: ‘ദൈവത്തിന്‍റെ പോരാളികള്‍’ തോറ്റ് തുടങ്ങുമെന്നാണ് മുംബൈ ആരാധകർ എപ്പോഴും പറയാറുള്ളത്. ഐ പി എൽ പുതിയ സീസണിലും അതിന് മാറ്റമൊന്നുമില്ല. ആദ്യ പോരാട്ടത്തിൽ ഗുജറാത്തിന് മുന്നിൽ മുംബൈ മുട്ടുമടക്കി. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിനെ അവസാന ഓവർ ത്രില്ലറിൽ ആറ് റണ്‍സിനാണ് ഗുജറാത്ത് ടൈറ്റൻസ് തകര്‍ത്തത്. 169 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈയുടെ പോരാട്ടം 162 റൺസിൽ ഒതുങ്ങി.
അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സായിരുന്നു മുംബൈക്ക് വേണ്ടിയിരുന്നത്. ഉമേഷ് യാദവിന്റെ ആദ്യ പന്തിൽ സിക്സ് നേടിയ ഹാര്‍ദിക് രണ്ടാം പന്തിൽ ഫോറും നേടിയതോടെ കളി വരുതിയിലായെന്നാണ് ഏവരും കരുതിയത്. നാല് പന്തില്‍ ജയിക്കാന് ഒമ്പത് റണ്‍സ് മാത്രം ശേഷിക്കെ മൂന്നാം പന്തിൽ പാണ്ഡ്യയെ പുറത്താക്കി ഉമേഷ് കലി തിരിക്കുകയായിരുന്നു. നാലാം പന്തില്‍ പിയൂഷ് ചൗളയും (0) പുറത്തായതോടെ ‘ദൈവത്തിന്‍റെ പോരാളികള്‍’ ചരിത്രം ആവർത്തിക്കുകയായിരുന്നു. അഞ്ചാം പന്തിൽ ബുമ്രയ്ക്ക് ഒരു റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഇതോടെ ഗുജറാത്ത് വിജയമുറപ്പിച്ചു. അവസാന പന്തില്‍ ഷംസ് മുലാനിക്കും ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത ഉമേഷ്, ഗുജറാത്തിന്‍റെ വിജയഭേരി മുഴക്കുക്കയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രിത് ബുമ്രയാണ് ഗുജറാത്തിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനാണ് സാധിച്ചത്. യുവതാരം ഡിവാള്‍ഡ് ബ്രേവിസ് (38 പന്തില്‍ 46), രോഹിത് ശര്‍മ (29 പന്തില്‍ 43) എന്നിവര്‍ തിളങ്ങിയെങ്കിലും വിജയിപ്പിക്കാനായില്ല. ഗുജറാത്തിന് വേണ്ടി മോഹിത് ശര്‍മ, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഉമേഷ് യാദവ്, ഒമര്‍സായ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
IPL 2024, MI vs GT: Shubman Gill’s Gujarat spoil Hardik Pandya’s Mumbai homecoming