ഐപിഎല്ലിന് മധുരപതിനേഴ്! നാളെ കൊടിയേറ്റം, പൂരത്തിന് തിരികൊളുത്താൻ കോലിയും ധോണിയും ഏറ്റുമുട്ടും, ഉദ്ഘാടനം വിസ്മയിപ്പിക്കും

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്‍റെ പതിനേഴാം പതിപ്പിന് നാളെ തുടക്കമാകും. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഉദ്ഘാടന മത്സരത്തിൽ ആദ്യ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് കളി തുടങ്ങുക. ചെന്നൈ നായകൻ എം എസ് ധോണിയുടെ അവസാന ഐ പി എൽ സീസൺ ആയേക്കുമെന്നാണ് സൂചന. ട്വന്‍റി 20 ലോകകപ്പിനുള്ള ടീമിൽ ഇടം പിടിക്കാൻ വിരാട് കോലിക്കും ഇത്തവണത്തെ ഐ പി എൽ നിർണായകമാണ്.

ഐ പി എല്ലിൽ ഇതുവരെ 31 തവണയാണ് ചെന്നൈയും ബാംഗ്ലൂരും നേര്‍ക്കു നേര്‍ വന്നത്. അതിൽ 20 തവണയും ധോണിയും സംഘവും വിജയക്കൊടി പാറിച്ചു. 10 വിജയങ്ങളാണ് ആർ സി ബി യുടെ അക്കൗണ്ടിലുള്ളത്. ഐ പി എല്ലിൽ ആർ സി ബി ക്കെതിരെ ഏറ്റവും കൂടുതൽ വിജയ റെക്കോർഡുള്ള ടീമും ചെന്നൈ തന്നെ. ഏറ്റവും അവസാനമായി ഇരുവരും നേർക്കു നേർ വന്നപ്പോഴും ചെന്നൈയാണ് വിജയക്കൊടി പാറിച്ചത്. ചെപ്പോക്കിൽ അന്ന് 8 വിക്കറ്റിനായിരുന്നു ധോണിയുടേയും സംഘത്തിന്‍റേയും വിജയം.

അതേസമയം ഐ പി എൽ പതിനേഴാം പതിപ്പിൽ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത് താരസമ്പന്നമായ ഉദ്ഘാടന ചടങ്ങാണ്. എ ആർ റഹ്മാന്റെ സംഗീത വിരുന്നാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകർഷണം. ഗായകരായ സോനു നിഗം, ബോളിവുഡ് നടൻമാരായ അക്ഷയ് കുമാർ, ടൈഗർ ഷറോഫ് എന്നിവരും ചടങ്ങ് കൊഴുപ്പിക്കും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് ആറരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങുക.

ipl 2024 starts tomorrow opening match dhoni csk vs rcb kohli

More Stories from this section

family-dental
witywide