മുംബൈ: പ്രതാപകാലത്തെ അനുസ്മരിപ്പിച്ച ധോണിയുടെ മാസ്മരിക പ്രകടനം കണ്ട മത്സരത്തിൽ വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം. മുംബൈ നായകൻ ഹർദ്ദിക്ക് പാണ്ഡ്യയെ ഹാട്രിക്ക് സിക്സിന് തൂക്കിയ ധോണിയുടെ മികവിൽ ചെന്നൈ ഉയർത്തിയ 206 റൺസിന് മുന്നിൽ ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ സെഞ്ചുറിക്കും മുംബൈയെ രക്ഷിക്കാനായില്ല. 207 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസിനെ രോഹിത് ശർമ (63 പന്തിൽ 105) മുന്നിൽ നിന്ന് നയിച്ചെങ്കിലും വിജയത്തിന് 20 റൺസ് അകലെ പോരാട്ടം അവസാനിച്ചു.
നാലോവറിൽ 28 റൺസ് മാത്രം വിട്ടുകൊടുത്ത് നാലുവിക്കറ്റ് വീഴ്ത്തിയ പാതിരാനയാണ് മുംബൈയുടെ നട്ടെല്ലൊടിച്ചത്. വിജയത്തോടെ ചെന്നൈ എട്ടുപോയന്റുമായി മൂന്നാം സ്ഥാനത്ത് തുടരുമ്പോൾ നാലാം തോൽവിയുമായി മുംബൈ എട്ടാം സ്ഥാനത്തേക്കിറങ്ങി.ഒരറ്റത്ത് രോഹിത് സ്വതസിദ്ധമായ ശൈലിയിൽ അടിച്ചുതകർത്തപ്പോഴും മറുവശത്ത് ഉറച്ച പിന്തുണനൽകാൻ ആളില്ലാതെ പോയതാണ് മുംബൈക്ക് വിനയായത്. 23 റൺസെടുത്ത ഇഷാൻ കിഷനും 31 റൺസെടുത്ത തിലക് വർമയുമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. സൂര്യകുമാർ യാദവ് പൂജ്യത്തിനും ഹാർദിക് പാണ്ഡ്യ രണ്ടു റൺസിനും പുറത്തായി.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റിന് 206 റണ്‍സാണ് നേടിയത്. അവസാന ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഹാട്രിക് സിക്‌സറിന് പറത്തിയ ധോണിയാണ് ചെന്നൈയെ 200 കടത്തിയത്. ധോണി 4 പന്തില്‍ 20 ഉം ശിവം ദുബെ 38 പന്തില്‍ 66 ഉം റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ ഇന്നിംഗ്‌സും (40 പന്തില്‍ 69) ചെന്നൈക്ക് നിര്‍ണായകമായി.
IPL Live 2024, MI vs CSK: Chennai win by 20 runs despite Rohit century MS Dhoni Hat Trick six Hardik Pandya