ഇറാന്‍ ആക്രമണം: ഇസ്രായേല്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു, പക്ഷേ തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഇറാന് ഇസ്രയേല്‍ തിരിച്ചടി നല്‍കിയതുമായി ബന്ധപ്പെട്ട് അമേരിക്കയെ വിവരം നേരത്തെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇറാന്‍ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയര്‍ബേസില്‍ ഇസ്രയേല്‍ പ്രത്യാക്രമണം നടത്തിയത്.

സിറിയയിലെ ഇറാന്‍ എംബസിക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയതിന് പ്രതികാരമായി കഴിഞ്ഞ ആഴ്ചയാണ് ഇറാന്‍ തിരിച്ച് ആക്രമിച്ചത്. ഇതിനു പകരം വീട്ടുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അമേരിക്ക അതിനെ എതിര്‍ക്കുകയും ഇറാനെ ആക്രമിക്കാന്‍ കൂട്ടു നില്‍ക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഇറാനെ ഇസ്രായേല്‍ ആക്രമിക്കുമെന്ന് അമേരിക്കയ്ക്ക് മുന്‍കൂര്‍ അറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും ഓപ്പറേഷനെ അംഗീകരിക്കുകയോ അത് നടപ്പിലാക്കുന്നതില്‍ ഒരു പങ്കും വഹിക്കുകയോ ചെയ്തില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ മുന്‍കൂര്‍ അറിയിപ്പ് അമേരിക്കയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ബിസിയും സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

വരും ദിവസങ്ങളില്‍ ഇറാനെതിരെ തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍ വ്യാഴാഴ്ച അമേരിക്കയെ അറിയിച്ചതായാണ് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിനോട് പറഞ്ഞത്.

More Stories from this section

family-dental
witywide