ഇറാന്‍ പിന്തുണയുള്ള സംഘം ഇറാഖിലെ യു.എസ് സൈനികര്‍ക്കെതിരായ നടപടികള്‍ നിര്‍ത്തിവച്ചു

ബാഗ്ദാദ്: ഇറാഖ് മേഖലയിലെ യുഎസ് സൈനികര്‍ക്കെതിരായ എല്ലാ സൈനിക നടപടികളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഇറാഖി സായുധ ഗ്രൂപ്പായ കതൈബ് ഹിസ്ബുള്ള പ്രഖ്യാപിച്ചു.

ജോര്‍ദാന്‍-സിറിയ അതിര്‍ത്തിക്കടുത്തുള്ള ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ആക്രമണത്തിന് പിന്നില്‍ കതൈബ് ഹിസ്ബുള്ളയുടെ കൈകള്‍ ഉണ്ടെന്ന് അമേരിക്ക പറഞ്ഞതിനു പിന്നാലെയാണ് നിര്‍ണ്ണായക തീരുമാനം വന്നിരിക്കുന്നത്.

2003-ലെ യു.എസ്. നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശത്തിന് ശേഷം സ്ഥാപിതമായ കതൈബ് ഹിസ്ബുള്ള, ഇറാനോട് ഏറ്റവും അടുത്തുള്ള ഇറാഖി സായുധ വിഭാഗങ്ങളിലൊന്നാണ്.

ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റന്‍സിലെ ഏറ്റവും ശക്തമായ സായുധ വിഭാഗമാണിത്, ഒക്ടോബര്‍ ആദ്യം ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം യുഎസ് സേനയ്ക്കെതിരെ 150-ലധികം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

അതേസമയം, അമേരിക്കന്‍ സേനയ്‌ക്കെതിരായ ഡ്രോണ്‍ ആക്രമണത്തെ അപലപിച്ച ബാഗ്ദാദ്, ഗാസ യുദ്ധം നടക്കുന്നിടത്തോളം പ്രാദേശിക സംഘര്‍ഷം തുടരുമെന്നും പറഞ്ഞു.