ടെഹ്റാൻ: ഗാസയിൽ സംഘർഷം ആരംഭിചച് എട്ട് മാസത്തോടടുക്കുമ്പോൾ ഇറാൻ പിന്തുണയുള്ള ലെബനൻ സംഘടനയായ ഹിസ്ബുള്ള ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ടെലിവിഷൻ പ്രസംഗത്തിൽ സർപ്രൈസുകൾക്കായി തയ്യാറെടുക്കണമെന്ന് ഗ്രൂപ്പിൻ്റെ സെക്രട്ടറി ജനറൽ ഹസൻ നസ്‌റള്ള ഇസ്രായേലിന് മുന്നറിയിപ്പ് നൽകി.
തങ്ങളുടെ ചെറുത്തുനിൽപ്പുകളുടെ ഭാഗമായുള് പുതിയ സർപ്രൈസുകൾ പ്രതീക്ഷിക്കണമെന്ന് ഹിസ്‌ബുള്ള വ്യക്തമാക്കി. ഹമാസ്- ഇസ്രയേൽ യുദ്ധത്തിൽ പാലസ്‌തീന് പിന്തുണയുമായി യുദ്ധമുഖത്തുള്ള തീവ്രവാദ സംഘടനയാണ് ഹിസ്‌ബുള്ള.
ലെബനൻ ആഭ്യന്തരയുദ്ധകാലത്ത് വലിയ ശക്തിയായി ഉയർന്നുവന്ന ഹിസ്ബുള്ള, പലസ്തീൻ ലക്ഷ്യത്തിനും ഗാസയ്ക്കും പിന്തുണ പ്രഖ്യാപിച്ച് ഇസ്രായേലിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു.
കഴിഞ്ഞ ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ-പാലസ്തീൻ യുദ്ധം ആരംഭിച്ചത്. എന്നാൽ ഗാസ യുദ്ധത്തിൽ ഇസ്രയേലിന് തങ്ങളുടെ ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ സാധിച്ചില്ലെന്ന് നസ്‌റള്ള പറഞ്ഞു. ഇസ്രയേലി നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ സാക്കി ഹനേഗ്‌ബി തന്നെ ഇക്കാര്യം തുറന്ന് സമ്മതിച്ചത് ചൂണ്ടിക്കാട്ടുകയായിരുന്നു നസ്‌റള്ള. പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി യൂറോപ്യൻ രാജ്യങ്ങൾ അംഗീകരിക്കുന്നത് ഇസ്രയേലിന് വലിയ തിരിച്ചടിയാണെന്നും ഇക്കാരണങ്ങൾ കൊണ്ടാണ് ഇസ്രയേലിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ നേരിടേണ്ടി വരുന്നതെന്നും ഹിസ്ബുള്ള ജനറൽ സെക്രട്ടറി പറഞ്ഞു.