ഇറാഖിലെ യുഎസ് സേന താവളത്തിൽ ഇറാൻ്റെ മിസൈൽ ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു

പടിഞ്ഞാറൻ ഇറാഖിലെ യുഎസ് സേനയുടെ താവളത്തിൽ ഇറാൻ പിന്തുണയുള്ള തീവ്രവാദികളുടെ ബാലിസ്റ്റിക് മിസൈലുകൾ ആക്രമണം. ഇതിൽ ഒരു ഇറാഖി പൌരൻ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് ശനിയാഴ്ച പറഞ്ഞു.
ഇറാൻ പിന്തുണയുള്ള തീവ്രവാദികൾ പടിഞ്ഞാറൻ ഇറാഖിൽ അൽ-അസാദ് എയർബേസ് ലക്ഷ്യമാക്കി ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റുകളും വിക്ഷേപിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ബാഗ്ദാദ് സമയം 6:30 നായിരുന്നു ആക്രമണം.

വ്യോമ പ്രതിരോധ സംവിധാനങ്ങൾ വഴി ഭൂരിഭാഗം മിസൈലുകളും തടഞ്ഞതായി അമേരിക്കൻ സേന അവകാശപ്പെട്ടു. എന്നാൽ ചില മിസൈലുകൾ ആസ്ഥാനത്ത് പതിക്കുകയും ഒരു ഇറാഖ് പൌരൻ കൊല്ലപ്പെടുകയും ചെയ്തു. ഒന്നിലേറെ അമേരിക്കൻ സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്.

ഒക്ടോബർ പകുതി മുതൽ, ഇറാഖിലും സിറിയയിലുമുള്ള യുഎസ് താവളങ്ങൾക്ക് നേരെ ഡസൻ കണക്കിന് ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഗാസ സംഘർഷത്തിൽ ഇസ്രായേലിനുള്ള യുഎസ് പിന്തുണയെ എതിർക്കുന്ന, ഇറാനുമായി ബന്ധമുള്ള സായുധ ഗ്രൂപ്പുകളുടെ സഖ്യമായ ‘ഇസ്ലാമിക് റെസിസ്റ്റൻസ്’ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം അവകാശപ്പെട്ടു. യുഎസ് സേനയ്ക്ക് നേരെ മുമ്പും നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. എന്നാൽ ഇപ്പോൽ മിസൈലുകൾ ഉപയോഗിച്ചുള്ള തീവ്രമായ ആക്രമണമാണ് നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇസ്രയേൽ ശനിയാഴ്ച ഡമാസ്കസിൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോറിലെ അഞ്ച് അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരം വീട്ടുമെന്ന് ഇറാൻ അറിയിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം, ഇറാൻ തന്നെ വടക്കൻ ഇറാഖിലെ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാൻ മേഖലയിൽ ഇസ്രയേലിന്റെ രഹസ്യാന്വേഷണ കേന്ദ്രത്തിനു നേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു.

Iran backed militants Attacked US Base In Iraq