ടെഹ്റാൻ: വിമാനങ്ങളിൽ ഇലക്ട്രോണിക്സ് ആശയവിനിമയോപാധികൾക്ക് നിരോധനം ഏർപ്പെടുത്തി ഇറാൻ. പേജറുകളും വാക്കി ടോക്കികളുമടക്കമുള്ളവ ഇറാൻ നിരോധിച്ചു. മൊബൈൽ ഫോൺ ഒഴികെയുള്ള മറ്റെല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിരോധിച്ചതായി ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻഅറിയിച്ചു. ലെബനനിൽ നടന്ന സ്ഫോടനങ്ങൾക്ക് പിന്നാലെയാണിത്. ക്യാബിനുകളിലും ചെക്ക് ഇൻ ലഗേജുകളിലും ഇവ രണ്ടും പാടില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്.
അടുത്തിടെ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ലെബനനിൽ വ്യാപകമായി വാക്കി ടോക്കികളും പേജറുകളും ഉപയോഗിച്ച് ആക്രമണം നടന്നിരുന്നു. ഈ സംഭവത്തിന് പിന്നാലെ വിവിധ വിമാനക്കമ്പനികൾ സുരക്ഷ കണക്കിലെടുത്ത് വിമാനയാത്രകളിൽ പേജറുകളും വാക്കി ടോക്കികളും നിരോധിച്ചിരുന്നു. വിമാനങ്ങളിൽ ഇവ ആദ്യമായി നിരോധിച്ചത് ദുബായ് ആസ്ഥാനമായുള്ള എയർലൈൻ എമിറേറ്റ്സാണ്. ഇതിന് പിന്നാലെ ഖത്തർ എയർവെയ്സും വിലക്ക് ഏർപ്പെടുത്തിയിരുന്നു l.
ലെബനനിലും സിറിയയിലുമായി പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് 40ൽ അധികം പേർ കൊല്ലപ്പെടുകയും മുന്നൂറിൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ലോകത്തിന് ‘പേജർ’ പേടി തുടങ്ങിയത്.