ടെഹ്റാൻ: ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് ആയുധ സഹായം നല്‍കുന്ന അമേരിക്കക്കും ജർമനിക്കുമെതിരെ വിമർശനവുമായി ഇറാന്‍. ഗാസയിലെ വംശഹത്യയില്‍ ഈ രാജ്യങ്ങള്‍ക്കുള്ള പങ്കാളിത്തം ലോകം ഒരിക്കലും മറക്കില്ലെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവായ ഇസ്മയിൽ ബഗായി പറഞ്ഞത്. ഗാസയിലെ അൽ-അഹ്‌ലി അൽ-മമദാനി ആശുപത്രിയിൽ ഇസ്രയേൽ ഭരണകൂടം നടത്തിയ വ്യോമാക്രമണത്തിൻ്റെ വാർഷികത്തിൽ എക്സില്‍ പങ്ക് വെച്ച കുറിപ്പിലൂടെയായിരുന്നു വിദേശകാര്യ വക്താവിന്‍റെ പ്രതികരണം.
പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള അഞ്ഞൂറിലധികം രോഗികള്‍ കൊല്ലപ്പെട്ട ഗാസയിലെ അൽ-അഹ്‌ലി അൽ-മമദാനി ഹോസ്പിറ്റലിലെ ഇസ്രയേൽ വ്യോമാക്രമണത്തിൻ്റെ വാർഷികം, പ്രത്യയശാസ്ത്രപരമായ നാർസിസിസവും ശിക്ഷാനടപടിയും ഒത്തുചേർന്നാലുള്ള ക്രൂരതകള്‍ക്ക് പരിധികളില്ലെന്ന് ഓർമിപ്പിക്കുന്നുവെന്ന് ഇസ്മയിൽ ബഗായി എക്സില്‍ കുറിച്ചു.
2023 ഒക്ടോബർ 17 നാണ് അഭയാർഥികളെ ചികിത്സിച്ചിരുന്ന ഗാസയിലെ അൽ-അഹ്‌ലി അൽ-മമദാനി ആശുപത്രിയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഈ ആക്രമണം ഗാസയില്‍ വംശഹത്യ ആരംഭിച്ചതിനു ശേഷമുള്ള ഇസ്രയേലിന്‍റെ ആദ്യ യുദ്ധക്കുറ്റമാണെന്ന് ബഗായി ആരോപിച്ചു. ഈ ആക്രമണത്തെ ലോകരാജ്യങ്ങള്‍ അപലപിച്ചെങ്കിലും ഇസ്രയേല്‍ ഗാസയില്‍ കൂട്ടക്കൊലകള്‍ തുടർന്നുവെന്നും ബഗായി പറഞ്ഞു. ശിക്ഷയുണ്ടാകില്ലെന്ന അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ഉറപ്പില്‍ പലസ്തീനികളുടെ മാതൃഭൂമിയിലുടനീളം ഇസ്രയേല്‍ വ്യാപകമായ യുദ്ധം തുടർന്നുവെന്നും ബഗായി കൂട്ടിച്ചേർത്തു.
‘ഇസ്രയേൽ കുറ്റകൃത്യങ്ങളുടെ പ്രധാന വക്താക്കളും അവർക്ക് മാരകായുധങ്ങള്‍ വിതരണം ചെയ്തവരെന്ന നിലയ്ക്കും അമേരിക്ക, ജർമ്മന്‍ ഭരണകൂടങ്ങളെ പലസ്തീനിലെയും അതിനപ്പുറമുള്ള ലോകത്തിലെയും ആളുകൾ മറക്കില്ല’ എന്നും ഇസ്മയിൽ ബഗായി എക്സില്‍ എഴുതി. ആക്രമണം പോലെ തന്നെ വെറുപ്പുളവാക്കുന്നതാണ് ആക്രമണങ്ങളിലെ പങ്കാളിത്തമെന്നും ബഗായി പോസ്റ്റില്‍ കൂട്ടിച്ചേർത്തു.