ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: സുരക്ഷയ്ക്കായി നെട്ടോടമോടി വിമാനങ്ങള്‍, ഇന്ത്യയിലേക്കുള്ള യാത്രാ ദൈര്‍ഘ്യം വര്‍ദ്ധിക്കുമെന്ന് ലുഫ്താന്‍സ എയര്‍ലൈന്‍സ്

ന്യൂഡല്‍ഹി: ഇറാന്‍ ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം നടത്തുകയും സംഘര്‍ഷം കൂടുതല്‍ വഷളാകുകയും ചെയ്തതോടെ, മേഖലയിലെ വിമാനക്കമ്പനികള്‍ സുരക്ഷയ്ക്കായി നെട്ടോട്ടമോടുകയാണെന്ന് റിപ്പോര്‍ട്ട്. വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടതിനാലും യാത്രമാറ്റിവെക്കുന്നതിനാലും ഇന്ത്യയിലേക്കുള്ള യാത്രാ ദൈര്‍ഘ്യം വര്‍ദ്ധിക്കുമെന്ന് യൂറോപ്പിലെ ഏറ്റവും വലിയ എയര്‍ലൈന്‍സായ ലുഫ്താന്‍സ വ്യക്തമാക്കുന്നു. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നിവയുടെ വ്യോമാതിര്‍ത്തിയിലൂടെ ഞങ്ങള്‍ ഇനി പറക്കില്ലെന്ന് ലുഫ്താന്‍സ വക്താവ് പറഞ്ഞു.

സുരക്ഷാ കാരണങ്ങളാല്‍ യുദ്ധമേഖലയിലേക്ക് പോകേണ്ടതില്ലെന്ന് എയര്‍ലൈന്‍ തീരുമാനിച്ചതിനാല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്കും മുംബൈയിലേക്കുമുള്ള ലുഫ്താന്‍സയുടെ 2 വിമാനങ്ങള്‍ ചൊവ്വാഴ്ച ജര്‍മ്മനിയിലേക്ക് മടങ്ങിയതായാണ് വിവരം. ലുഫ്താന്‍സയുടെ ഫ്രാങ്ക്ഫര്‍ട്ട്-ഹൈദരാബാദ് എല്‍എച്ച് 752, ഫ്രാങ്ക്ഫര്‍ട്ട്-മുംബൈ എല്‍എച്ച് 756 എന്നിവ തുര്‍ക്കിക്ക് മുകളിലൂടെ യാത്രചെയ്യവെയാണ്
ഇറാന്‍ ഇസ്രായേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയത്.

അതേസമയം, ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍ എന്നിവയ്ക്ക് മുകളിലൂടെയുള്ള വ്യോമാതിര്‍ത്തി ഒഴിവാക്കുന്നതായി സ്വിസ് എയര്‍ലൈന്‍സും വ്യക്തമാക്കി. ഇതോടെ തങ്ങളുടെ ദുബായ്, ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ സര്‍വീസുകളില്‍ 15 മിനിറ്റ് വരെ ഫ്‌ളൈറ്റ് സമയം അധികമായി വേണ്ടിവരുമെന്നും കമ്പനി അറിയിച്ചു.

സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ചൊവ്വാഴ്ചത്തെ സൂറിച്ച്-ദുബായ് വിമാനം കൂടുതല്‍ ദൈര്‍ഘ്യമുള്ള റൂട്ട് തിരഞ്ഞെടുത്തിരുന്നു. തുര്‍ക്കിയിലെ അന്റാലിയയിലേക്ക് തിരിച്ചുവിട്ട വിമാനം അന്റാലിയയില്‍ ഇന്ധനം നിറയ്ക്കുകയും ബാധിത വ്യോമമേഖല ഒഴിവാക്കിയാണ് ദുബായിലേക്കുള്ള യാത്ര തുടര്‍ന്നത്.

അപകടസാധ്യതയുള്ള മേഖലകള്‍ ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ അഡ്ജസ്റ്റ്മെന്റുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനും വ്യക്തമാക്കി.

More Stories from this section

family-dental
witywide