ടെഹ്‌റാന്‍: ഹെലികോപ്ടര്‍ ദുരന്തത്തിത്തില്‍ മരണപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ വടക്കുപടിഞ്ഞാറന്‍ ഇറാനിലെ നഗരമായ ടബ്രിസിലേക്ക് കൊണ്ടുപോകാൻ തീരുമാനമായി. റെയ്‌സിയോടൊപ്പമുണ്ടായിരുന്ന വിദേശകാര്യമന്ത്രി അമീര്‍ അബ്ദുല്ലാഹിയാന്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ടബ്രിസിലേക്ക് കൊണ്ടുപോകുകയെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ ഐ.ആര്‍.സി.എസ് മേധാവി പിര്‍ ഹൊസൈന്‍ കൊലിവാന്ദ് വ്യക്തമാക്കിയത്. രക്ഷാദൗത്യം അവസാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. ടബ്രിസിലെ രക്തസാക്ഷികളെ അടക്കം ചെയ്ത കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ പ്രത്യേക സ്ഥലത്തേക്കാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത്.
ഇന്നലെ നടന്ന ഹെലികോപ്റ്റർ അപകടത്തിലാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയടക്കമുള്ളവർ മരണപ്പെട്ടത്. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിന് സമീപമുള്ള ഉസിയിലെ കാലാവസ്ഥ പ്രതികൂലമായതാണ് അപകടത്തിന് കാരണമായതെന്നാണ് വ്യക്തമാകുന്നത്. ഇതേ തുടർന്ന് ഹെലികോപ്റ്റർ അടിയന്തരമായി തിരിച്ചിറക്കിയെങ്കിലും രക്ഷയുണ്ടായില്ല. ഇറാന്റെ എട്ടാമത് പ്രസിഡന്റായിരുന്നു ഇബ്രാഹിം റെയ്‌സി. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ലോക നേതാക്കൾ അനുശോചനം അറിയിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു.