ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്ക് വേണ്ടി പ്രാർത്ഥനയോടെ ഇറാൻ ജനത. ഹെലികോപ്ടർ അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രസിഡന്‍റ് അടക്കമുള്ളവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നതാണ് ഏവരെയും ആശങ്കപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ യോഗം ചേർന്നു. ഇറാൻ പരമോന്നത നേതാവ് അലി ഖമനെയിയുടെ അധ്യക്ഷതയിലാണ് അടിയന്തര യോഗം ചേർന്നത്. പ്രസിഡന്‍റിന്‍റെ ജീവൻ അപകടത്തിലായിട്ടില്ലെന്ന വിശ്വാസമാണ് ഏവരും പങ്കുവയ്ക്കുന്നത്. ഇറാൻ വൈസ് പ്രസിഡന്‍റ് മുഹമ്മദ് മൊഖ്ബർ അപകട സ്ഥലത്തേക്ക് തിരിച്ചതായി ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. രക്ഷാദൗത്യത്തിനു 40 സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും മോശം കാലാവസ്ഥ വെല്ലുവിളിയാണെന്നും റിപ്പോർട്ടുകളുണ്ട്.
അതിനിടെ ഹെലികോപ്ടർ ഇടിച്ചിറക്കിയ സ്ഥലം കണ്ടെത്തി എന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അരസ്ബാരൻ വനമേഖലയോട് ചേർന്നുള്ള ഉസി എന്ന സ്ഥലത്താണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. പ്രസിഡന്‍റിനായി പ്രാർത്ഥിക്കണമെന്ന് സൈന്യത്തിന്‍റെ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസി ഏവരോടും അഭ്യർത്ഥിച്ചിട്ടുണ്ട്. ഹെലികോപ്ടറിൽ ഉള്ളവരുമായി യാതൊരു ആശയവിനിമയവും സാധ്യമായിട്ടില്ലെന്ന് അപകടം നടന്ന സ്ഥലത്തു നിന്നുള്ള പാർലമെന്‍റ് അംഗം വ്യക്തമാക്കിയിട്ടുണ്ട്.