നേരിട്ടത് നടുക്കുന്ന ആക്രമണം, മണിക്കൂറുകൾക്കകം ഇറാൻ സാധാരണഗതിയിലായി; വിമാന സര്‍വിസുകളും പുന:രാരംഭിച്ചു

ടെഹ്റാൻ: പുലർച്ചെ ഇസ്രായേല്‍ നടത്തിയ നടുക്കുന്ന വ്യോമാക്രമണം കഴിഞ്ഞ് മണിക്കൂറുകൾക്കകം ഇറാൻ ജനജീവിതം സാധാരണ ഗതിയിലായി. ഇസ്രയേൽ വ്യോമക്രമണത്തിനു പിന്നാലെ നിർത്തിവെച്ച വിമാന സർവിസുകളടക്കം പുന:രാരംഭിച്ചതായി ഇറാൻ അറിയിച്ചു.

വ്യോമാക്രമണത്തിന് പിന്നാലെ സർവിസുകള്‍ താല്‍ക്കാലികമായി നിർത്തിവെച്ചതായി സിവില്‍ ഏവിയേഷൻ ഓർഗനൈസേഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സ്ഥിതിഗതികള്‍ സാധാരണ നില കൈവരിച്ചതിനാല്‍ രാവിലെ 9 മണി മുതല്‍ വിമാനസർവിസ് പതിവുപോലെ നടക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.

പ്രാദേശിക സമയം ഇന്ന് പുലർച്ചെ 2.15ഓടെയാണ് ഇസ്രായേല്‍ ആക്രമണമുണ്ടായത്. ടെഹ്‌റാന്റെ വിവിധ ഭാഗങ്ങളിലും അല്‍ബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലുമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. എന്നാല്‍, രാവിലെയോടെ ഇറാനില്‍ കാര്യങ്ങള്‍ സാധാരണ ഗതിയിലായി. ടെഹ്റാനില്‍ ജനജീവിതം പതിവുപോലെ ആയതായും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം സൈനിക കേന്ദ്രങ്ങളിലടക്കം പ്രധാന സ്ഥലങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തിന് പിന്നാലെ ശക്തമായി പ്രതികരിച്ച് ഇറാന്‍ രംഗത്തെത്തിയിരുന്നു. തക്ക മറുപടി നല്‍കുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

അതിനിടെ ഇസ്രായേല്‍ ആക്രമണം ‘സ്വയം പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയതാണെന്ന അഭിപ്രായമാണ് യു എസ് പറഞ്ഞത്. ഈ മാസം ആദ്യം ടെഹ്റാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ശനിയാഴ്ച നടത്തിയ ആക്രമണങ്ങളെയാണ് സ്വയം പ്രതിരോധമെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് സീന്‍ സാവെറ്റ് പറഞ്ഞത്. ആക്രമണത്തിന് മുന്നോടിയായി തങ്ങളെ അറിയിച്ചതായും അമേരിക്ക വ്യക്തമാക്കി.