ന്യൂഡല്‍ഹി: ഇസ്രയേലുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത പോര്‍ച്ചുഗീസ് പതാകയുള്ള കപ്പല്‍ വിട്ടയയ്ക്കുമെന്നും ജീവനക്കാര്‍ക്ക് കോണ്‍സുലാര്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും അവരെ ഉടന്‍ മോചിപ്പിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ശനിയാഴ്ച ഇറാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മലയാളികളടക്കം 17 ഇന്ത്യക്കാരും, റഷ്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, എസ്‌തോണിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരുമടക്കം 25 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇക്കൂട്ടത്തിലുണ്ടായിരുന്ന മലയാളിയായ വനിതാ ജീവനക്കാരി ആന്‍ ടെസ ജോസഫിനെ നേരത്തെ നാട്ടിലേത്തിച്ചിരുന്നു.
ഡമാസ്‌കസിലെ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രതിജ്ഞയെടുത്തതിന് ശേഷം, ഏപ്രില്‍ 13നാണ് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് എം.എസ്.സി. ഏരീസ് എന്ന ചരക്കുകപ്പല്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. ഇസ്രയേലുമായി ബന്ധമുള്ള യു.കെ. ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരി ടൈമിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. ദുബായില്‍നിന്നും മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരുന്നതിനിടെയാണ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.