ഹെലികോപ്റ്റർ തകർന്നതിനു പിന്നാലെ ഇറാൻ സഹായം തേടി; നൽകാനായില്ലെന്ന് അമേരിക്ക

വാഷിങ്ടൺ: അസർബൈജാൻ അതിർത്തിയിലെ ജുൽഫയിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയിസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപെട്ടപ്പോൾ ഇറാൻ സഹായം തേടിയിരുന്നതായി യുഎസ് വിദേശകാര്യ വകുപ്പ്. എന്നാൽ, സാങ്കേതിക പ്രശ്നങ്ങളാൽ സഹായിക്കാനായില്ലെന്ന് വക്താവ് മാത്യു മില്ലർ പറഞ്ഞു.

“ഇറാൻ സർക്കാർ ഞങ്ങളുടെ സഹായം തേടിയിരുന്നു. സഹായിക്കാമെന്ന് അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ഏതു വിദേശഭരണകൂട ആവശ്യത്തോടും ഇങ്ങനെയാണ് പ്രതികരിക്കാറ്. എന്നാൽ, ആവശ്യമായ വിഭവങ്ങൾ സ്ഥലത്ത് എത്തിക്കുന്നതിലെ പ്രയാസങ്ങൾ സഹായിക്കുന്നതിന് തടസ്സമായി,” മില്ലർ വ്യക്തമാക്കി. മോശം കാലാവസ്ഥ വില്ലനായ ദുരന്തത്തിൽ തുർക്കിയുടെ ഡ്രോൺ ആണ് ഹെലികോപ്റ്ററെ കുറിച്ച സൂചനകൾ നൽകിയത്.

ശത്രുരാജ്യമായ യുഎസിനെ ഇറാൻ ബന്ധപ്പെട്ടത് അസാധാരണനീക്കമായി. എന്തു സഹായത്തിനും തയാറാണെന്ന് പ്രതികരിച്ചെങ്കിലും സംഭവസ്ഥലത്ത് എത്തിച്ചേരാനുള്ള വിഷമം കണക്കിലെടുത്ത് യുഎസ് ഒടുവിൽ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.