പശ്ചിമേഷ്യയിൽ യുദ്ധകാഹളം മുഴങ്ങുന്നു, ഹനിയ കൊലപാതകത്തിൽ അമേരിക്കക്കും ഇസ്രയേലിനും താക്കീതുമായി ഇറാൻ സ്പീക്കർ

വാഷിങ്ടണ്‍: ഹമാസ് നേതാവ് ഇസ്മായില്‍ ഹാനിയെയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധ കാഹളം ശക്തമാകുന്നു. ഹനിയയെ കൊലപ്പെടുത്തിയതിൽ ഇസ്രയേലിലും അവരെ പിന്തുണക്കുന്ന അമേരിക്കയ്ക്കും ഖേദിക്കേണ്ടിവരുമെന്ന താക്കീതുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഖാലിബാഫ് പരസ്യമായി രംഗത്തെത്തി. ഇസ്രയേലിനെയും അമേരിക്കയെയും പാഠം പഠിപ്പിക്കുമെന്നും ഖാലിബാഫ് അഭിപ്രായപ്പെട്ടു. ഇതോടെ യുദ്ധത്തിലേക്കാണ് ഇറാൻ നീങ്ങുന്നതെന്ന് കൂടുതൽ വ്യക്തമാകുകയാണെന്നാണ് വിലയിരുത്തലുകൾ.സ്വന്തം നടപടികളുടെ പേരിൽ തന്നെ ഇസ്രയേലിന് അവരുടെ കണക്കുകൂട്ടലുകൾ തിരുത്തേണ്ടിവരുമെന്നും ഇറാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മുഹമ്മദ് ഖാലിബാഫ് മുന്നറിയിപ്പ് നൽകി. ഇസ്രയേലിന്റെ എല്ലാ അവകാശവാദങ്ങളും പൊളിക്കുന്നതായിരുന്നു ഒക്ടോബർ ഏഴിലെ അൽ അഖ്‌സ ഓപ്പറേഷൻ. മനുഷ്യാവകാശങ്ങളുടെ കാവലാളുകളെന്ന സ്വയം കരുതുന്ന പാശ്ചാത്യ രാഷ്ട്രങ്ങൾ ഇസ്രയേലിന്റെ വംശഹത്യയെക്കുറിച്ച് മൗനം പാലിക്കുകയാണ്. പലസ്തീനിലെ സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലോകരാഷ്ട്രങ്ങൾ സന്നദ്ധരാവണം. ഇസ്രയേൽ എന്ന ഭീകര രാഷ്ട്രത്തേയും അവർക്ക് പിന്തുണ നൽകുന്ന അമേരിക്കയെയും പാഠം പഠിപ്പിക്കുമെന്നും ഖാലിബാഫ് പറഞ്ഞു.ജൂലൈ 31 നാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഹനിയ ടെഹ്റാനിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹനിയ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഹ്രസ്വദൂര പ്രൊജക്ടൈൽ ഉപയോഗിച്ചാണ് ഹനിയയെ വധിച്ചതെന്നാണ് ഇറാൻ സ്ഥിരീകരിച്ചത്. സ്ഫോടനത്തിനു പിന്നിൽ ഇസ്രയേൽ ആണെന്നാണ് ഇറാന്റെയും ഹമാസിന്റെയും ആരോപണം. ഹനിയ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഇറാൻ പ്രതികാരത്തിനൊരുങ്ങിയിരുന്നു. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി ഉത്തരവിട്ടതായടക്കം റിപ്പോർട്ടുകളുണ്ട്.

More Stories from this section

family-dental
witywide