ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമൈനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇറാൻ ഭരണകൂടമാണ് ഖമൈനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാൻ തിടുക്കത്തിൽ നടപടിയെടുത്തത്.
നേരത്തെ ഇസ്രായേൽ സൈന്യമാണ് ഹസൻ നസ്‌റല്ലയെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി അറിയിച്ചത്. ഇസ്രയേൽ ലക്ഷ്യം വച്ചിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഹിസ്ബുള്ള നേതാക്കളിൽ ഒരാളായിരുന്നു നസ്റല്ല. ഹിസ്ബുള്ളയുടെ സതേൺ ഫ്രണ്ട് കമാൻഡർ അലി കർക്കിയും മറ്റുചില ഹിസ്ബുള്ള കമാൻഡർമാരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഹിസ്ബുള്ള നേതൃത്വം ബെയ്‌റൂട്ടിൻ്റെ തെക്ക് ദഹിയേയിലെ തങ്ങളുടെ ആസ്ഥാനത്ത് യോഗം ചേരുമ്പോളായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയത്. ഇക്കാര്യം അറിയിച്ചത് ഇസ്രായേൽ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ ഹെർസി ഹലേവിയാണ്. ദീർഘനാളത്തെ തയ്യാറെടുപ്പിൻ്റെ ഒടുവിലാണ് ഹിസ്ബുള്ള നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണമെന്നും നസ്റല്ലയുടെ വധത്തോടെ ഹിസ്ബുള്ളയുമായുള്ള യുദ്ധം അവസാനിപ്പിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
നസ്റല്ലയ്ക്ക് എതിരെ നടന്ന ആക്രമണത്തിൽ 6 അപ്പാർട്ട്‌മെൻ്റ് കെട്ടിടങ്ങൾ തകരുകയും ആറ് പേർ കൊല്ലപ്പെടുകയും 91 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനനുമായി യുദ്ധം രൂക്ഷമായതിനാൽ അധിക റിസർവ് സൈനികരെ അണിനിരത്തുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു, രാജ്യത്തുടനീളം സേവനത്തിനായി മൂന്ന് ബറ്റാലിയൻ റിസർവ് സൈനികരെ സജ്ജമാക്കിയിട്ടുണ്ട്. ലെബനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 720 പേർ കൊല്ലപ്പെട്ടു.