ഇസ്രയേൽ ആക്രമണത്തിനും വാദങ്ങൾക്കും മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ഖമനയി; ‘പെരുപ്പിച്ചു കാട്ടണ്ട, ഇറാന്‍റെ ശക്തി മനസിലാക്കിക്കാം’

ടെഹ്റാൻ: ഇറാനിൽ ഇസ്രേയൽ നടത്തിയ വ്യോമാക്രമണത്തിനും ഇസ്രയേലിന്‍റെ വാദങ്ങൾക്കും മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി രംഗത്ത്. ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന്‍റെ ആഘാതം പെരുപ്പിച്ച് കാണിക്കാൻ ഇസ്രയേൽ ശ്രമിച്ചുവെന്നാണ് ഖമനയി പറഞ്ഞത്. ഇസ്രയേലിന്‍റെ വ്യോമാക്രമണത്തെ ഇറാൻ ശക്തമായി പ്രതിരോധിച്ചു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് സമാനമായ രീതിയിൽ ഖമനയിയുടെ പ്രതികരണവും വന്നിരിക്കുന്നത്. ഇറാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനു ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു ഖമനയി.

ഇസ്രയേലിന്റെ ആക്രമണത്തെ പെരുപ്പിച്ചു കാണുകയോ, താഴ്ത്തിക്കെട്ടുകയോ ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇസ്രയേൽ ഭരണകൂടത്തിന്റെ കണക്കു കൂട്ടലുകൾ പാളിയിട്ടുണ്ട്. ആ പാളിച്ചകൾ പൂർണമായും തകർക്കപ്പെടണം. ഇസ്രയേൽ ഭരണകൂടത്തിന് ഇറാനെയോ, ഇറാൻ ജനതയെയോ അറിയില്ല. ഇറാൻ‌ ജനതയുടെ ശക്തിയും കഴിവുകളും ഇച്ഛാശക്തിയും പൂർണമായി മനസ്സിലാക്കാൻ അവർക്ക് ഇനിയും സാധിച്ചിട്ടില്ല. അത് അവരെ മനസ്സിലാക്കിക്കൊടുക്കണമെന്നും ഖമനയി ആവശ്യപ്പെട്ടു. ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകാനുള്ള ആഹ്വാനമാണ് ഇറാൻ പരമോന്നത നേതാവ് നൽകിയതെന്നാണ് വിലയിരുത്തലുകൾ.